Kerala News

ചക്രവാതച്ചുഴി: മൂന്ന് ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ടയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഇത് കണക്കിലെടുത്ത് ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിനുള്ളിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കാമെന്നാണ് മുന്നറിയിപ്പ്.

കൊമറിൻ മേഖലക്ക് മുകളിലുള്ള ചക്രവാതച്ചുഴിയാണ് ഈ മഴയ്ക്കു കാരണമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു. ഈ സ്വാധീനഫലമായി വ്യാഴാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴ തുടരാൻ സാധ്യതയുണ്ട്.

കേരള-തമിഴ്നാട് തീരങ്ങളിൽ ബുധനാഴ്ച രാത്രി 11.30 വരെ 0.5 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *