Kerala News

ആലുവയിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് വാട്ടർ മെട്രോ പദ്ധതിപരിഗണനയിൽ: കെഡബ്ല്യുഎംഎൽ

കൊച്ചി: ആലുവയിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് വാട്ടർ മെട്രോ സർവീസ് ആരംഭിക്കുന്നതിനെക്കുറിച്ച് കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ് (കെഡബ്ല്യുഎംഎൽ) പരിഗണിക്കുന്നു. ഇതു സംബന്ധിച്ച് അധികൃതര്‍ പ്രാഥമിക പഠനങ്ങള്‍ നടത്തി. റോഡ് യാത്രയേക്കാൾ വേഗത്തിൽ എളുപ്പത്തിൽ ലക്ഷ്യസ്ഥാനത്തെത്താൻ കഴിയുന്നുവെന്നത് വാട്ടർ മെട്രോ പദ്ധതിയുടെ പ്രധാന ആകർഷണമാണ്.

വാട്ടർ മെട്രോ വഴി യാത്ര ദൈർഘ്യം ഏകദേശം 12 കിലോമീറ്റർ കുറയുമെന്നാണു കണക്കുകൂട്ടല്‍. വാട്ടർ മെട്രോ സ്റ്റേഷനുകളിൽ നിന്ന് ഫീഡർ ബസുകൾ സജ്ജീകരിച്ചാൽ യാത്രക്കാർക്ക് അര മണിക്കൂറിനകം വിമാനത്താവളത്തിലെത്താൻ സാധിക്കും. എന്നാൽ, ഈ പദ്ധതിയുടെ നടപ്പാക്കലിനായി വിമാനത്താവളത്തിന് സമീപം മൂന്നു കിലോമീറ്റർ വരെ കനാൽ വികസിപ്പിക്കേണ്ടതുണ്ടെന്ന് കെഡബ്ല്യുഎംഎൽ അധികൃതർ പറഞ്ഞു.

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) തയ്യാറാക്കിയ സമഗ്ര ഗതാഗത പദ്ധതിയിൽ (കോംപ്രിഹെൻസീവ് മൊബിലിറ്റി പ്ലാൻ) വാട്ടർ മെട്രോയുടെ സാധ്യതയുള്ള മൂന്ന് പുതിയ ജലഗതാഗത മാർഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വരാപ്പുഴ മുതൽ സിയാൽ/കാലടി വരെ, കടമക്കുടി-കോട്ടപ്പുറം, ഇടക്കൊച്ചി-അരൂർ-പനങ്ങാട്-സൗത്ത് പറവൂർ എന്നിവയാണ് ശുപാർശ ചെയ്ത മാർഗങ്ങൾ.

കൊച്ചി വാട്ടർ മെട്രോ മാതൃക രാജ്യത്തിൻ്റെ മറ്റു നഗരങ്ങളിലും നടപ്പിലാക്കാനുള്ള സാധ്യത കേന്ദ്ര സർക്കാർ പരിശോധിക്കുന്നു. ഇടക്കൊച്ചി, കൊല്ലം ഉൾപ്പെടെ 18 നഗരങ്ങളിൽ വാട്ടർ മെട്രോ ആരംഭിക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്. അഹമ്മദാബാദ്, സൂറത്ത്, മംഗളൂരു, അയോധ്യ, ധുബ്രി, ഗോവ, കൊൽക്കത്ത, പട്ന, പ്രയാഗ് രാജ്, ശ്രീനഗർ, വാരണാസി, മുംബൈ തുടങ്ങിയ നഗരങ്ങൾ പദ്ധതിയുടെ പരിഗണനയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *