കൊടകര കള്ളപ്പണ കേസിൽ ഒരു അന്വേഷണത്തെയും ബിജെപി ഭയക്കുന്നില്ലെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. പാർട്ടിയിൽ നിന്ന് പുറത്താക്കിയ ഒരാളുടെ കള്ളക്കഥ ജനം വിശ്വസിക്കില്ല. AKG സെൻ്ററിൽ നിന്ന് എഴുതുന്ന തിരക്കഥ അനുസരിച്ച് ED കേസ് അന്വേഷണത്തിന് എത്തില്ല. പിണറായി വിജയൻ്റെ പോലീസ് അന്വേഷിച്ച് കണ്ട് പിടിക്കട്ടെ എന്നും ഒരു ആശങ്കയും ആക്ഷേപവും ഭാരതീയ ജനതാ പാർട്ടിക്ക് ഇല്ലെന്നും അദ്ദേഹം ചേലക്കരയിൽ പ്രതികരിച്ചു.
അജിത് പവാറിൻ്റെ 100 കോടി കഥക്ക് ശേഷം പുതിയ കഥ മെനയുകയാണ് സിപിഎം. സിനിമ നിർമിക്കാൻ ആഗ്രഹമുള്ളവർക്ക് അത് വാങ്ങി സിനിമ നിർമിക്കാം എന്നും വി. മുരളീധരൻ പരിഹസിച്ചു. ചേലക്കരയിലും വിജയം ഉറപ്പില്ലെന്ന വിഭ്രന്തിയാണ് ഇതിനെല്ലാം പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
ഇഡി വരണം, വരണം എന്ന് പറയുന്ന കോൺഗ്രസ് ഇത്രയും കാലം ദേശീയ അന്വേഷണ ഏജൻസികൾക്ക് എതിരെ നിലപാട് എടുത്ത് നിൽക്കുകയായിരുന്നു. തരാതരം പോലെ നിലപാട് പറയുന്ന രീതി ആദ്യം കോൺഗ്രസ് അവസാനിപ്പിക്കണം. നിയമ വാഴ്ച ഉറപ്പിക്കാൻ പാട് പെടുന്ന പിണറായി ആദ്യം ആരോപണ വിധേയനായ എഡിജിപിക്ക് എതിരെ നടപടി എടുക്കട്ടെ എന്നും വി. മുരളീധരൻ പറഞ്ഞു. എഡിമ്മിൻ്റെ മരണത്തിൽ അകത്തായ പി പി ദിവ്യക്ക് എതിരെ പാർട്ടി നടപടി എടുത്തോ എന്നും അദ്ദേഹം ചോദിച്ചു.