തനിക്ക് പകരക്കാരനാവുന്നത് തന്‍റെ മരുമകനാവണം എന്ന് പിണറായി വിജയന് നിര്‍ബന്ധമുണ്ടെന്ന് മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ. മുഹമ്മദ് റിയാസിന് പാര്‍ട്ടിയിലും സര്‍ക്കാരിലും മറ്റൊരു വെല്ലുവിളി ഉണ്ടാവരുത്. അതുകൊണ്ടാണ് മുതിർന്ന നേതാവായ രാധാകൃഷ്ണനെ പിണറായി ഡൽഹിക്ക് നാടുകടത്തിയതെന്നും വി.മുരളീധരൻ പറഞ്ഞു. ചേലക്കരയിൽ തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എട്ടുവർഷമായി അഴിമതി മൂടിയ ഭരണമാണ് കേരളം കാണുന്നത്. ഭാര്യമാർക്ക് ജോലി കൊടുക്കാൻ മന്ത്രിമാർ വരെ ക്രമക്കേട് കാണിക്കുന്നു. അഴിമതിയുടെയും അധികാരഗര്‍വിന്‍റെയും സമീപനമാണ് സർക്കാർ സ്വീകരിച്ചുവരുന്നത്. സിപിഎം അധോലോകം പോലെ തോന്നുന്നത് ചെയ്ത്, കുറ്റവാളികളേയും അഴിമതിക്കാരേയും സംരക്ഷിച്ച് മുന്നോട്ടുപോകുകയാണ്. നവീൻബാബുവിനെപ്പോലെയുള്ള സത്യസന്ധരായ ഉദ്യോഗസ്ഥർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള സാഹചര്യം ഇന്ന് കേരളത്തിലില്ല. പിണറായി മുതൽ പിപി ദിവ്യവരെ അതുതന്നെയാണ് കാണുന്നത് എന്നും വി.മുരളീധരൻ പറഞ്ഞു.
ഉപതെരഞ്ഞെടുപ്പ് ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുകയായിരുന്നു. അഴിമതിക്കും അധികാരത്വരക്കും ജനം മറുപടിനൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചേലക്കരയിൽ തെരഞ്ഞെടുപ്പ് ഓഫീസിന്‍റെ ഉദ്ഘാടനം വി.മുരളീധരൻ നിർവഹിച്ചു. പുലാക്കോട് മഹിളാസംഗമവും പഴയന്നൂരിൽ പൊതുയോഗവും മുൻകേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തു. മുള്ളൂർക്കര പഞ്ചായത്തിൽ ബിജെപിയിലേക്ക് ചേർന്നവർക്കുള്ള സ്വീകരണയോഗത്തിലും വി.മുരളീധരൻ പങ്കെടുത്തു. മണ്ഡലത്തിലെ സമുദായിക നേതാക്കൻമാരേയും മുരളീധരൻ കണ്ടു.