തൃശ്ശൂർ:തെരെഞ്ഞെടുപ്പിൽ പരാജയപ്പെട്ട് മാസം പിന്നിട്ടിട്ടും ജനവിധി അംഗീകരിക്കാതെ തൃശ്ശൂരിലെ വോട്ടർമാരെ അപമാനിക്കുന്ന പ്രസ്താവനകൾ സുനിൽകുമാറും CPI യും തുടരുന്നത് ഖേദകരമാണെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ. രാഷ്ട്രീയ പ്രബുദ്ധതയിൽ ഔന്നിത്യം പുലർത്തുന്ന തൃശ്ശൂർ ജനതയുടെ ഉറച്ച നിലപാടാണ് അവർ തെരെഞ്ഞെടുപ്പിൽ പ്രകടിപ്പിച്ചത്. അത് മനസ്സിലാക്കാനും സ്വയം തിരുത്താനും തയ്യാറാവാതെ ഇടതുപക്ഷം വോട്ടർമാരെ ബിജെപി വിലയ്ക്കെടുത്തുവെന്ന് പ്രചരിപ്പിക്കുന്നത് വോട്ടർമാരെയും ബിജെപിയേയും അപമാനിക്കലാണ്. തൃശ്ശൂരിലെ വോട്ടർമാരെ വിലയ്ക്കെടുക്കാൻ കഴിയുമെന്ന് ബിജെപി വിശ്വസിക്കുന്നില്ല. മാത്രമല്ല വോട്ടർമാരെ വിലയ്ക്കെടുക്കുന്ന സ്വഭാവം ബിജെപിയ്ക്കില്ല. ഇടതുപക്ഷം പറയുന്നത് അവരുടെ മൂഡവിശ്വാസങ്ങളാണ്. പരാജയത്തിൽ സമനില തെറ്റിയ സുനിൽകുമാറും ഇടതുപക്ഷവും സമചിത്തത വീണ്ടെടുത്ത് ജനവിധിയെ സ്വാഗതം ചെയ്യണം. തൃശ്ശൂരിലെ ജനങ്ങളുടെ ഹൃദയം കവർന്ന വിജയമാണ് ലോക്സഭാ തെരെഞ്ഞെടുപ്പിൽ ബിജെപി നേടിയതെന്നും ഈ വിജയം തദ്ദേശ തെരെഞ്ഞെടുപ്പിലും നിയമസഭാ തെരെഞ്ഞെടുപ്പിലും ആവർത്തിക്കുമെന്നും അഡ്വ കെ.കെ അനീഷ്കുമാർ പറഞ്ഞു.





