India News

വിമാനം നേരത്തെ ലാന്‍ഡ് ചെയ്തു, പക്ഷേ ലഗേജ് ഇല്ല! 40 യാത്രക്കാരുടെ ബാഗുകള്‍ മുംബൈയില്‍ മറന്ന് എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: മുംബൈ–ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാര്‍ക്ക് ജീവനക്കാരുടെ വീഴ്ച മൂലം കടുത്ത ദുരനുഭവം. നിശ്ചിത സമയത്തിന് അഞ്ച് മിനിറ്റ് മുമ്പ് ഡല്‍ഹിയില്‍ വിമാനം ലാന്‍ഡ് ചെയ്തെങ്കിലും, ഏകദേശം 40 യാത്രക്കാരുടെ ലഗേജുകള്‍ മുംബൈ വിമാനത്താവളത്തില്‍ തന്നെ മറന്നുവെച്ച നിലയിലാണ് വിമാനം പറന്നെത്തിയത്.

മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എഐ 2677 വിമാനമാണ് വിവാദത്തിലായത്. വിമാനം നേരത്തെയെത്തിയതിന്റെ സന്തോഷത്തോടെ ലഗേജ് ബെല്‍റ്റിലേക്ക് എത്തിയ യാത്രക്കാര്‍ അവിടെ കണ്ടത് നിരാശാജനകമായ കാഴ്ചയായിരുന്നു. തങ്ങളുടെ ബാഗുകള്‍ വിമാനത്തില്‍ കയറ്റിയിട്ടില്ലെന്ന വിവരമാണ് അധികൃതര്‍ യാത്രികരെ അറിയിച്ചത്. ഒരു മുഴുവന്‍ കാര്‍ഗോ കണ്ടെയ്‌നര്‍ തന്നെ വിമാനത്തില്‍ കയറ്റാതെ വിട്ടുപോയതാണെന്ന് പിന്നീട് വ്യക്തമായി.

അപ്രതീക്ഷിതമായ സാങ്കേതിക തകരാറുകളാണ് ലഗേജുകള്‍ മുംബൈയില്‍ തന്നെ അവശേഷിക്കാന്‍ കാരണമെന്ന് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചെങ്കിലും, തകരാറിന്റെ കൃത്യമായ കാരണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല. വിമാനം നേരത്തെ എത്തിയ സന്തോഷം ലഗേജ് നഷ്ടപ്പെട്ടതോടെ പൂര്‍ണമായും നിരാശയിലേക്കാണ് മാറിയതെന്ന് യാത്രക്കാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *