വയനാട് ദുരന്തബാധിതര്ക്കായി പ്രത്യേക പാക്കേജ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമനുമായി കെവി തോമസ് ഇന്ന് കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായ കെവി തോമസ്, ധനമന്ത്രിയുടെ ഉറപ്പിൻറെ അടിസ്ഥാനത്തിൽ, പദ്ധതിയുമായി കൂടുതൽ സാങ്കേതിക തടസ്സങ്ങൾ ഉണ്ടാകാനിടയില്ലെന്ന് അറിയിച്ചു.
“കേന്ദ്രസംഘത്തിന്റെയും സംസ്ഥാന സർക്കാരിന്റെയും റിപ്പോർട്ട് ലഭിച്ചതായി ധനമന്ത്രിയും പറഞ്ഞിട്ടുണ്ട്. തീരുമാനം സമയബന്ധിതമായി എടുക്കും, വൈകില്ലെന്നാണ് അറിയിച്ചത്. ധനമന്ത്രിയുടെ പ്രതികരണം ആശാവഹമാണ്,” കെവി തോമസ് ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
പ്രധാനമന്ത്രി തിരിച്ചെത്തിയതിനു ശേഷം,പാക്കേജ് സംബന്ധിച്ച തീരുമാനത്തിൽ കൂടുതൽ പുരോഗതി ഉണ്ടാകുമെന്നും അറിയിച്ചു.
വയനാട് ദുരന്തം സംബന്ധിച്ചുള്ള റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി, കൃഷി മന്ത്രി, ധനമന്ത്രി എന്നിവര്ക്ക് കൈമാറിയിട്ടുണ്ട്. പ്രത്യേക പാക്കേജ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു അറിയിപ്പും ഇതുവരെ വന്നിട്ടില്ല.