കൽപ്പറ്റ /നിലമ്പൂർ : തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ പ്രചാരണം കൂടുതൽ ശക്തമാക്കുകയാണ് വയനാട് ലോകസഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി നവ്യാ ഹരിദാസ്. വാഹന പ്രചാരണങ്ങളിലും, കുടുംബ യോഗങ്ങളിലുമായി ശ്രദ്ധ കേന്ദ്രീകരിച്ചാണ് പ്രചാരണം പുരോഗമിക്കുന്നത്.
പൊതു യോഗങ്ങളിലും, കുടുംബയോഗങ്ങളിലും വയനാട്ടിലെ വികസനപ്രശ്നങ്ങൾ തന്നെയാണ് പ്രധാന വിഷയം. ഗോത്ര സമൂഹത്തിന്റെ പ്രശ്നങ്ങളും, വയനാട്ടിലെ ആരോഗ്യ, വിദ്യാഭ്യാസ, അടിസ്ഥാന മേഖലകളിലെ പ്രശ്നങ്ങൾ ഉന്നയിച്ചുമാണ് വോട്ടർമാരുടെ മുന്നിലേക്ക് സ്ഥാനാർത്ഥി എത്തുന്നത്. രാഹുലിനെയും, പ്രിയങ്കയെയും കടന്നാക്രമിച്ചു കൊണ്ടാണ് പൊതുയോഗങ്ങളിലെ സംസാരം.
ഇന്നലെ നിലമ്പൂർ നിയോജകമണ്ഡലത്തിലായിരുന്നു നവ്യ ഹരിദാസിന്റെ പര്യടനം. കാരപ്പുറം, വഴിക്കടവ്, ഉപ്പട, ഞെട്ടിക്കുളം, ശാന്തി, എടക്കര, അകമ്പടം , കരുളായി, പൂക്കോട്ടുംപാടം തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു സ്ഥാനാർത്ഥി പര്യടനം. ജില്ല പ്രസിഡൻ്റ് രവിതേലത്ത്, യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ് ആൻ്റണി,ന്യൂന പക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡൻ്റ് എം.അബ്ദുൾ സലാം, മഹിളാമോർച്ച സംസ്ഥാന അധ്യക്ഷ നിവേദിത സുബ്രഹ്മണ്യൻ, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻ്റ് വി.ടി.രമ, ജില്ലാ ജനറൽ സെക്രട്ടറി പി.ആർ രശ്മിൽനാഥ്, മണ്ഡലം പ്രസിഡൻ്റ് മാരായ സുധി ഉപ്പട, ബിജു സാമൂവൽ, അജി തോമസ്, സി.കെ കുഞ്ഞുമുഹമ്മദ്, എൻ.സി.ബിജു, പി.പി.ഗണേശൻ, സി.സജീഷ്, മനോജ് പാറശേരി തുടങ്ങിയവർ സംസാരിച്ചു.
വരും ദിവസങ്ങളിൽ ബിജെപിയുടെ പ്രമുഖ നേതാക്കന്മാർ വയനാട്ടിൽ പ്രചാരണത്തിനായി എത്തുന്നുണ്ട്. ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവ്ദേക്കർ, മുൻ കേന്ദ്ര മന്ത്രി വി മുരളീധരൻ, സുരേഷ് ഗോപി എംപി, മഹിളാ മോർച്ച ദേശീയ അദ്ധ്യക്ഷ വാനതി ശ്രീനിവാസൻ തുടങ്ങിയ പ്രമുഖ നേതാക്കൾ അടുത്ത ദിവസങ്ങളിൽ വയനാട്ടിൽ എത്തും.