Kerala News Politics

കേരള എം.പിമാരുടെ മതേതരത്വം പാർലിമെന്റിൽ അറിയാം: കെ.സുരേന്ദ്രന്‍

മുനമ്പത്ത് ഉള്‍പ്പെടെ ആയിരക്കണക്കിന് പേരെ ബാധിക്കുന്ന വഖഫ് ഭേദഗതി ബില്ലില്‍ മതേതര വാദികളെന്ന വകാശപ്പെടുന്ന കേരളത്തിലെ യു.ഡി.എഫ് – എല്‍.ഡി.എഫ് എം.പിമാര്‍ എന്ത് നിലപാടാണ് സ്വീകരിക്കുകയെന്ന് മുനമ്പത്തെയും വഖഫ് നോട്ടീസ് വന്ന മറ്റ് സഥലങ്ങളിലെയും ജനം ഉദ്വേഗത്തോടെ കാത്തിരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തില്‍ ഒരു ന്യനപക്ഷമേ ഉള്ളൂ എന്നാണ് ഇരുമുന്നണികളും കണക്കാക്കുന്നത്. കേരളത്തിലെ ഭൂരിപക്ഷ ജനതയെയും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളെയും ഇരുമുന്നണികളും തള്ളിപ്പറഞ്ഞിരിക്കുകയാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പി.എഫ്.ഐ എസ്.ഡി.പി.ഐ തുടങ്ങിയ ഭീകരസംഘടനകള്‍ക്ക് കേരളത്തിലെ തിരഞ്ഞെടുപ്പുകളെ സ്ഥിരമായി നിയന്ത്രിക്കാന്‍ കഴിയുന്ന അവസ്ഥ വന്നിരിക്കുകയാണ്. നിരവധി പഞ്ചായത്തുകളില്‍ ഇപ്പോഴും ഇക്കൂട്ടരുമായി സഹകരിച്ചാണ് സി.പി.എം പ്രവര്‍ത്തിക്കുന്നത്. പാലക്കാട് പി.എഫ്.ഐയുടെ പരസ്യപിന്തുണയിലാണ് യു.ഡി.എഫ് ജയിച്ചത്. വര്‍ഗീയ കക്ഷികളുമായി സന്ധിചേര്‍ന്നതിന്റെ പാപഭാരത്തില്‍ നിന്ന് ഇരുമുന്നണികള്‍ക്കും കൈകഴുകാനാകില്ല.

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി യുടെ അടിസഥാന വോട്ടുകള്‍ നിലനിറുത്താനായെങ്കിലും പുതിയ വോട്ടുകള്‍ കിട്ടിയില്ല. ഇക്കാര്യം പാര്ട്ടി പരിശോധിക്കും. 2021 ല്‍ ഇ. ശ്രീധരന് പൊതുസമൂഹത്തിന്റെ എല്ലാ മേഖകളില്‍ നിന്നും നന്നായി വോട്ട് കിട്ടിയിരുന്നു. അത് ഇത്തവണ കിട്ടിയിട്ടില്ല. ഓരോ ബൂത്തിലും പാര്‍ട്ടി ശരിയായ വിശകലനം നടത്തും. ലോകസഭാ തിരഞ്ഞടുപ്പിനെ അപേക്ഷിച്ച് 2000 വോട്ടിലധികം പാലക്കാട് നഗരസഭിയില്‍ കുറഞ്ഞപ്പോള്‍ മൂന്‌ന് പഞ്ചായത്തുകളിലും അത്ര തന്നെ കുറഞ്ഞിട്ടുണ്ട്. . പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പിഴവുകളുണ്ടായിട്ടില്ല. വ്യക്തികളല്ല സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്നത്. അതിന് ബി.ജെ.പിയില്‍ വ്യവസ്ഥാപിതമായ രീതീയുണ്ട്. കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ അടിത്തട്ടില്‍ ചര്‍ച്ച നടത്തിയ ശേഷം സംസ്ഥാന കോര്‍ കമ്മിറ്റി കൂടിയാണ് സ്ഥാനാര്‍ഥി സാദ്ധ്യത പട്ടിക തയ്യാറാക്കിയത്. കേന്ദ്ര പാര്‍ലമെന്ററി ബോഡും തിരഞ്ഞെടുപ്പ് കമ്മിറ്റിയും ചേര്‍ന്നാണ് സ്ഥാനാര്‍ഥിയെ നിര്‍ണയിച്ചത്. പാലക്കാട്ട് എല്‍.ഡി.എഫും ചേലക്കരയില്‍ യു.ഡി.എഫും വിജയക്കുമെന്നവകാശപ്പെട്ടിരുന്നു. ഇപ്പോള്‍ പാലക്കാട് ബി.ജെ.പി ജയിക്കുമെന്ന് പറഞ്ഞതിനെ മാത്രമാണ് മാദ്ധ്യമങ്ങള്‍ വിമര്‍ശിക്കുന്നതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. പാര്‍ട്ടി നേതാക്കള്‍ പരസ്യ പ്രസ്താനവകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കും.

ബി.ജെ.പി കോണ്‍ഗ്രസിനെ പിന്തുണയ്ക്കണമെന്നാഗ്രഹിക്കുന്ന ചില മാദ്ധ്യമ പ്രവര്ത്തകരാണ് ബി.ജെ.പിക്കെതിരെ ഇപ്പോള്‍ പ്രചാരണവുമായി തിരിച്ചിരിക്കുന്നതെന്നും കെ. സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.താന്‍ സംസ്ഥാന പ്രസിഡന്റു സ്ഥാനത്ത് തുടരണമോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കുന്നത് പാര്‍ട്ടി കേന്ദ്രനേതൃത്വമാണ്. ഇതില്‍ വ്യക്തിപരമായ ഇഷ്ടാനിഷ്ടത്തിന്റെ കാര്യമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *