കേരള കലാമണ്ഡലത്തിന്റെ 93 വർഷത്തെ ചരിത്രത്തിൽ ആദ്യമായി വിദ്യാർത്ഥികൾക്ക് നോണ്‍വെജ് ഭക്ഷണം വിതരണം ചെയ്തു. കാലങ്ങളായി വെജിറ്റേറിയൻ ഭക്ഷണമായിരുന്നു ക്യാംപസിലെ മെസ്സിലൂടെ നൽകിയിരുന്നത്. കലാമണ്ഡലത്തില്‍ ഇന്നലെ ചിക്കന്‍ ബിരിയാണി വിളമ്പി. വിയ്യൂർ ജയിലിൽ നിന്നും വിപണിയിലെത്തിക്കുന്ന ‘ഫ്രീഡം ചിക്കൻ ബിരിയാണിയാണ്’ വിദ്യാർത്ഥികൾക്ക് കഴിഞ്ഞദിവസം മെസ്സിൽ വിതരണം ചെയ്തത്. കാലങ്ങളായി വെജിറ്റേറിയൻ ഭക്ഷണമാണ് വിതരണം ചെയ്യുന്നതെങ്കിലും നോൺ വെജിറ്റേറിയൻ ഭക്ഷണത്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നില്ലെന്ന് കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ബി ആനന്ദ കൃഷ്ണൻ പറഞ്ഞു. മെസ്സിൽ മുൻപ് മുട്ട അടക്കമുള്ളവ നൽകിയിരുന്നു. അതിനാൽ ഇതുവരെ പൂർണമായും വെജിറ്റേറിയൻ സമ്പ്രദായമാണ് പിന്തുടർന്നിരുന്നതെന്ന് പറയാനാകില്ല. ഇപ്പോൾ വിദ്യാർത്ഥികളുടെ ഭാഗത്തുനിന്നുണ്ടായ ആവശ്യങ്ങൾ മുൻനിർത്തി ഭരണസമിതി നോൺ വെജ് ഭക്ഷണം വിതരണം ചെയ്യാൻ തീരുമാനം എടുക്കുകയായിരുന്നു.വിദ്യര്‍ത്ഥികളെ ഉള്‍പ്പെടുത്തി മെസ് കമ്മിറ്റി രൂപീകരിച്ചുകൊണ്ട് കാലാനുസൃതമായ ഒരു മാറ്റം കൊണ്ടുവരിക മാത്രമാണ് സർവകലാശാല ചെയ്തതെന്നും വൈസ് ചാൻസലർ പറഞ്ഞു. 1930ൽ ആരംഭിച്ച കേരളകലാമണ്ഡലത്തിൽ ഗുരുകുല സമ്പ്രദായമാണ് പിന്തുടരുന്നത്. മോഹിനിയാട്ടം പഠിക്കാൻ ആൺകുട്ടികൾക്ക് അവസരമൊരുക്കുന്ന വിപ്ലവകരമായ തീരുമാനം കഴിഞ്ഞ രണ്ട് മാസങ്ങൾക്ക് മുൻപ് ഭരണസമിതി യോഗത്തിൽ എടുത്തിരുന്നു.





