ന്യൂഡൽഹി: ഇ20 (20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ) ഇന്ധന പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ “വ്യാജ വീമ്പും അപൂർണമായ സത്യങ്ങളും” പ്രചരിപ്പിക്കുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല ആരോപിച്ചു. ഇ20 പെട്രോളിൻ്റെയും നിർദിഷ്ട 15 ശതമാനം മെഥനോൾ കലർത്തിയ ഡീസലിൻ്റെയും പദ്ധതി നടപ്പാക്കലിൽ വ്യക്തമായ നയപരമായ പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം വിമർശിച്ചു.
സമൂഹമാധ്യമമായ എക്‌സിൽ (X) പങ്കുവെച്ച കുറിപ്പിലാണ് സുർജേവാല കേന്ദ്ര സർക്കാരിനെതിരെ വിമർശനമുന്നയിച്ചത്. കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രി നിതിൻ ഗഡ്കരിയുടെ സമീപകാല അഭിമുഖങ്ങളും വാർത്താസമ്മേളനങ്ങളും സർക്കാർ സാങ്കേതിക പദപ്രയോഗങ്ങളിലൂടെ ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാൻ ശ്രമിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണെന്ന് അദ്ദേഹം ആരോപിച്ചു.
രാജ്യത്തെ 36 കോടി രജിസ്റ്റർ ചെയ്ത വാഹന ഉടമകളിൽ ഇ20 ഇന്ധനവുമായി ബന്ധപ്പെട്ട് വാഹനങ്ങളുടെ അനുയോജ്യത, ഇന്ധന നിലവാരം, നടപ്പാക്കൽ നടപടികൾ എന്നിവയെക്കുറിച്ച് ആശങ്ക നിലനിൽക്കുന്നതായും സുർജേവാല പറഞ്ഞു.
ഇ20 ഇന്ധന നയം സംബന്ധിച്ച് കൂടുതൽ വ്യക്തതയും സുതാര്യതയും ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഉപഭോക്താക്കളുടെ ആശങ്കകൾക്ക് കേന്ദ്ര സർക്കാർ വ്യക്തമായ മറുപടി നൽകണമെന്നും അഭിപ്രായപ്പെട്ടു.





