Kerala News

ഇഷ്ടമുള്ളിടത്ത് കയറാം, ഇറങ്ങാം; കെഎസ്ആർടിസിയുടെ ‘സ്റ്റോപ്പ് ഓൺ ഡിമാൻഡ്’ സേവനം ആരംഭിച്ചു

തിരുവനന്തപുരം: യാത്രക്കാർക്ക് കൂടുതൽ സൗകര്യം ഒരുക്കി കെഎസ്ആർടിസി രണ്ട് പുതിയ സേവനങ്ങൾ ആരംഭിച്ചു. സ്റ്റോപ്പ് ഓണ്‍ ഡിമാന്റ്, ഡൈനാമിക് പ്രൈസിങ് എന്നിവയാണ് ആരംഭിച്ചത്. ഇതിന്റെ ഉദ്ഘാടനം സ്പീക്കര്‍ എ എന്‍ ഷംസീര്‍ നിര്‍വഹിച്ചു. ഫാസ്റ്റ്, സൂപ്പർഫാസ്റ്റ്, ഡീലക്സ്, എക്സ്പ്രസ് സർവീസുകളിലാണ് സ്റ്റോപ്പ് ഓൺ ഡിമാൻഡ് സൗകര്യം ലഭിക്കുക. ബസിന് നിശ്ചിത സ്റ്റോപ്പില്ലാത്ത സ്ഥലത്തുപോലും അധിക 20 രൂപ നൽകി കയറുകയോ, ഇറങ്ങുകയോ ചെയ്യാം. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ കയറേണ്ട സ്ഥലമറിയിക്കണം. ‘ചലോ’ ആപ്പിലൂടെ ബസ് എത്തുന്ന സമയം പരിശോധിച്ച് അതനുസരിച്ച് എത്തണമെന്ന് അധികൃതർ അറിയിച്ചു; യാത്രക്കാരെ കാത്തുനിൽക്കില്ലെന്നും വ്യക്തമാക്കി. പൊതുഗതാഗത രംഗത്ത് രാജ്യത്തുതന്നെ ആദ്യമായാണ് ഇത്തരമൊരു സംവിധാനം.

അന്തർസംസ്ഥാന റൂട്ടുകളിൽ ‘ഡൈനാമിക് പ്രൈസിങ്’ സംവിധാനവും നടപ്പാക്കും. ബസ് പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് 50 ശതമാനത്തിൽ താഴെ സീറ്റുകൾ മാത്രമേ ബുക്ക് ചെയ്തിട്ടുള്ളുവെങ്കിൽ ടിക്കറ്റ് നിരക്ക് കുറയ്ക്കും. തിരക്ക് കൂടുന്നതനുസരിച്ച് പരമാവധി 50 ശതമാനം വരെ നിരക്ക് വർധിപ്പിക്കാനും കഴിയും. ഓൺലൈൻ, കൗണ്ടർ ടിക്കറ്റുകൾക്ക് ഇത് ബാധകമാകും. ഉത്സവസീസണുകളിൽ സ്വകാര്യ ബസുകളിൽ കാണുന്ന അമിത നിരക്ക് വർധനയ്ക്ക് പകരമായി നിയന്ത്രിതവും സുതാര്യവുമായ നിരക്കുസംവിധാനമാണ് കെഎസ്ആർടിസി ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *