Education India Law Medical News Politics

ചോദ്യപേപ്പർ ചോർച്ച തടയാൻ ബിൽ മാത്രം പോര; പരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്‌കരണം വേണം: ശശി തരൂർ

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച തടയുന്നതിനായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതി ബിൽ മാത്രം മതിയാകില്ലെന്ന് ശശി തരൂർ. പേപ്പർ ചോർച്ചയ്ക്ക് ശേഷം കർശന ശിക്ഷ നൽകുന്നതിനേക്കാൾ അത് സംഭവിക്കാതിരിക്കാൻ ഫലപ്രദമായ സംവിധാനം ഒരുക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് കോൺഗ്രസ് എം.പി. ശശി തരൂർ ലോക്‌സഭയിൽ പറഞ്ഞു.

പബ്ലിക് എക്സാമിനേഷൻ (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ഭേദഗതി ബിൽ-2026 ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ പരീക്ഷാ സംവിധാനത്തിൽ സമഗ്രമായ പരിഷ്‌കരണം അനിവാര്യമാണെന്നും, ഏതാനും മണിക്കൂറുകൾ മാത്രം നീളുന്ന ഒരു ഉയർന്ന സമ്മർദ്ദ പരീക്ഷയിലൂടെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി നിർണയിക്കുന്ന നിലവിലെ രീതിയിൽ നിന്ന് രാജ്യം മാറേണ്ട സമയമായെന്നും തരൂർ അഭിപ്രായപ്പെട്ടു.

ഈ നിയമത്തിൻ്റെ വിജയം എത്രപേരെ ജയിലിലടച്ചു എന്നതിലൂടെ വിലയിരുത്തരുത്. എത്ര ചോദ്യപേപ്പർ ചോർച്ചകൾ സംഭവിക്കാതെ തടയാനായി എന്നതായിരിക്കണം യഥാർത്ഥ മാനദണ്ഡമാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളുടെ വിശ്വാസം വീണ്ടെടുക്കാനും പരീക്ഷകളുടെ വിശ്വാസ്യത ഉറപ്പാക്കാനും സമഗ്രമായ പരീക്ഷാ പരിഷ്‌കരണങ്ങളാണ് ആവശ്യമെന്നും തരൂർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *