ന്യൂഡൽഹി: സർദാർ വല്ലഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികത്തോടനുബന്ധിച്ചുള്ള ദേശീയ ഏകതാ ദിനം 2026-ന്റെ ഭാഗമായി ‘യോഗ ഫോർ യൂണിറ്റി’ പ്രചാരണവുമായി കേന്ദ്ര ആയുഷ് മന്ത്രാലയം. ദേശീയ ഐക്യം, സാമൂഹിക സൗഹാർദം, കൂട്ടായ ക്ഷേമം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ യോഗയുടെ പ്രാധാന്യം ഉയർത്തിക്കാട്ടുകയാണ് ലക്ഷ്യം.
യോഗ 365 പദ്ധതിയുമായി സംയോജിപ്പിച്ചാണ് പ്രചാരണം നടപ്പാക്കുന്നത്. യോഗ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം രാജ്യത്തെ വിവിധ യോഗ, പ്രകൃതിചികിത്സാ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടികളും കൂട്ടായ യോഗാഭ്യാസങ്ങളും സംഘടിപ്പിക്കും.
പ്രായം, പ്രദേശം, പശ്ചാത്തലം തുടങ്ങിയ വ്യത്യാസങ്ങൾക്കതീതമായി ജനങ്ങളെ ഒന്നിപ്പിക്കാൻ യോഗയ്ക്ക് കഴിയുമെന്ന് കേന്ദ്ര ആയുഷ് സഹമന്ത്രി പ്രതാപ്റാവു ജാദവ് പറഞ്ഞു. വർഷം മുഴുവൻ യോഗാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിലൂടെ പ്രതിരോധ ആരോഗ്യപരിപാലനം ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുകയാണ് യോഗ 365 പദ്ധതിയുടെ ലക്ഷ്യമെന്ന് ആയുഷ് സെക്രട്ടറി വൈദ്യ രാജേഷ് കോട്ടേച്ചയും വ്യക്തമാക്കി.





