ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്ത്യയിലെ യുവാക്കളെ അഭിസംബോധന ചെയ്തും പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയുമുള്ള ഫേസ്ബുക്ക് പോസ്റ്റ് താൽക്കാലികമായി നിയന്ത്രിക്കപ്പെട്ട സംഭവത്തിൽ കേന്ദ്ര സർക്കാർ മെറ്റയുടെ (ഫേസ്ബുക്കിൻ്റെയും ഇൻസ്റ്റാഗ്രാമിൻ്റെയും മാതൃകമ്പനി) മുതിർന്ന ഉദ്യോഗസ്ഥനെ വിളിപ്പിച്ചു.
സംഭവം സാങ്കേതിക തകരാർ മൂലമാണെന്ന് മെറ്റ വിശദീകരിക്കുകയും അതിന് മാപ്പ് പറയുകയും ചെയ്തിരുന്നു. എന്നാൽ ഈ വിശദീകരണം പര്യാപ്തമല്ലെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം (MeitY) അറിയിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് മെറ്റയുടെ ഗ്ലോബൽ ഹെഡ് ഓഫ് പബ്ലിക് പോളിസിയെ ഐ.ടി. മന്ത്രാലയം വിശദീകരണത്തിനായി വിളിപ്പിച്ചിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പ്രധാനമന്ത്രിയുടെ പോസ്റ്റ് താൽക്കാലികമായി നിയന്ത്രിക്കപ്പെടാൻ കാരണമായ സാഹചര്യങ്ങളെക്കുറിച്ച് മെറ്റയിൽ നിന്ന് വ്യക്തമായ വിശദീകരണം തേടാനാണ് കേന്ദ്ര സർക്കാരിൻ്റെ അടുത്ത നീക്കം.





