കൊല്ലം: നിയമ നിര്‍മാണം നടത്തും ഒപ്പം ക്ഷേമപദ്ധതി നടപ്പിലാക്കുന്നത് പരിഗണനയിലുമാണ്. ഗാര്‍ഹികതൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം തൊഴില്‍സമയം ക്രമീകരിക്കുന്നതുള്‍പ്പടെ നടപടികള്‍ സ്വീകരിക്കും. മതിയായ വിശ്രമം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനൊപ്പം മേഖലയിലുള്ളവര്‍ക്ക് നേരെയുള്ള ഏജന്‍സികളുടെ ചൂഷണം തടയുന്നതിനും നടപടികളുണ്ടാകും.
ഓണ്‍ലൈന്‍ വിപണനസമ്പ്രദായവുമായി ബന്ധപ്പെട്ടതൊഴിലാളികള്‍ക്ക് രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തി തൊഴില്‍സുരക്ഷയ്ക്ക് വഴിയൊരുക്കും. സ്ത്രീതൊഴിലാളി സുരക്ഷയ്ക്ക് പ്രത്യേക പ്രാധാന്യം നല്‍കും. രാത്രികാലജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് താമസസൗകര്യത്തിനായി സ്റ്റുഡിയോ അപാര്‍ട്ട്‌മെന്റുകള്‍ നിര്‍മിക്കുകയാണ്.
അതിഥി തൊഴിലാളികള്‍ക്ക് സ്വന്തം ഭാഷയില്‍ പരാതി നല്‍കുന്നതിനുള്ള മൊബൈല്‍ ആപ് വികസിപ്പിക്കുകയാണ്. അതിഥി പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ സമ്പൂര്‍ണമാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് വിശ്രമകേന്ദ്രങ്ങള്‍ ഒരുക്കും. അണ്‍എയിഡഡ് സ്‌കൂളുകളിലുള്ളവര്‍ക്ക് ഗ്രാറ്റുവിറ്റി, പ്രസവഅവധി തുടങ്ങിയവ ഏര്‍പ്പെടുത്താനായി.
കശുവണ്ടിമേഖലയിലെ പീലിങ് തൊഴിലാളികള്‍ക്ക് കൂലിപരിഷ്‌കരണത്തിന് നടപടിയായി. ആനപരിപാലനമേഖലയിലും മിനിമം കൂലി ഉറപ്പാക്കുകയാണ്. ഇന്‍ഷുറന്‍സ് -ആരോഗ്യ പരിരക്ഷയുമുണ്ടാകും. നഴ്‌സുമാര്‍ക്ക് മെച്ചപ്പെട്ട വേതനം ഉറപ്പാക്കുന്നതിനും നടപടിയെടുക്കും. നൈപുണിവികസന കേന്ദ്രങ്ങള്‍ കൂടുതലായി സ്ഥാപിക്കും. സര്‍ക്കാരിന്റെ ഉടമസ്ഥതതയിലുള്ള സ്ഥലങ്ങള്‍ സിനിമ ഷൂട്ടിംഗിനായി മിതമായ നിരക്കില്‍ വിട്ടുനല്‍കാനും തീരുമാനിച്ചു. മാധ്യമ മേഖലയിലെ വേതനസ്ഥിതിയും പരിശോധിക്കും. കരകൗശലവിദഗ്ധരുടെ വിവിരശേഖരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മേക്കപ്പ് കലാരംഗത്തുള്ളവരുടെ സംരക്ഷണം ഉറപ്പാക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി മേക്കപ് അധികമാകരുതെന്ന സരസമായ മറുപടി പറയാനും മറന്നില്ല.
വിവിധ തൊഴില്‍ മേഖലയില്‍ നിന്നുള്ളവരുടെ നിര്‍ദേശം
കൈത്തറി മേഖലയെ പ്രതിനിധികരിച്ച പത്മശ്രീ ഗോപിനാഥന്‍ ഓരോ സംഘത്തിനും 10 തറി വീതം നല്‍കി സ്ഥിരംതൊഴിലായി മേഖലയെ ഉയര്‍ത്തണം എന്ന് ആവശ്യപ്പെട്ടു. നവീന തറികള്‍ നല്‍കുക വഴി കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാം എന്നും പറഞ്ഞു
എല്ലാ മാധ്യമ സ്ഥാപനങ്ങളിലും ആഭ്യന്തര പരാതിപരിഹാര സെല്ലുകളുടെ പ്രവര്‍ത്തനം ഉറപ്പാക്കണം എന്നും മീഡിയ അക്കാഡമിയുടെ പുതിയ കെട്ടിടത്തിന് ആദ്യകാല മാധ്യമപ്രവര്‍ത്തകയായ ഹനീമ ബീവിയുടെ പേര് നല്‍കണം എന്നും മാധ്യമ പ്രവര്‍ത്തകയായ കെ കെ ഷാഹിന പറഞ്ഞു
മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ക്കു അടിസ്ഥാനവേതനം നിശ്ചയിച്ചു അത് ലഭിക്കുന്നു എന്ന് ഉറപ്പാക്കണം എന്ന് മേക്കപ്പ് ആര്‍ടിസ്റ്റ് ആയ രഞ്ജു രഞ്ജിമാര്‍ ആവശ്യപ്പെട്ടു .
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സിനിമ/സീരിയല്‍ ചിത്രീകരണത്തിന് ആയി ലഭ്യമാക്കുന്നതിന് നല്‍കുന്ന വാടക കുറയ്ക്കാന്‍ നടപടികള്‍ കൈക്കൊള്ളണം എന്ന് ചലച്ചിത്ര നടന്‍ അരിസ്റ്റോ സുരേഷ് ആവശ്യപ്പെട്ടു .
ചെത്തുതൊഴിലാളി മേഖലയുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എല്ലാം ഉപകാരപ്രദം ആണെന്നും കൂടുതല്‍ കരുതല്‍ മേഖലയ്ക്ക് നല്‍കണം എന്നും വനിതാ ചെത്തുതൊഴിലാളി ഷീജ പറഞ്ഞു.
മത്സ്യത്തൊഴിലാളികളുടെ മണാനന്തര നഷ്ടപരിഹാരതുക അഞ്ചു ലക്ഷമായി ഉയര്‍ത്തണം എന്ന് രാജ്യത്തെ ആദ്യ ആഴക്കടല്‍ മത്സ്യബന്ധന ലൈസന്‍സ് നേടിയ വനിത ആയ രേഖ കാര്‍ത്തികേയന്‍ ആവശ്യപ്പെട്ടു.
ഗാര്‍ഹികതൊഴിലാളികള്‍ക്കായുള്ള നിയമനിര്‍മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കി പ്രാബല്യത്തില്‍ കൊണ്ട്‌വരണം എന്നും തൊഴിലിടങ്ങളില്‍ ഗാര്‍ഹികതൊഴിലാളികള്‍ നേരിടുന്ന ചൂഷണങ്ങള്‍ തടയാന്‍ നടപടികള്‍ ഉണ്ടാവണം എന്നും 2020 ലെ തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാര ജേതാവായ സുശീല ജോസഫ് പറഞ്ഞു.
ടൂറിസം മേഖലയിലെ ഡ്രൈവര്‍മാര്‍ക്ക് സര്‍ക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കണം എന്നും ദീര്‍ഘദൂര യാത്രയ്ക്ക് ശേഷം വിശ്രമത്തിനു കേന്ദ്രങ്ങള്‍ സജീകരിക്കണം എന്നും മോട്ടര്‍ തൊഴിലാളി മുഹമ്മദ് നാസര്‍ അഭിപ്രായപ്പെട്ടു.
കശുവണ്ടി മേഖലയിലെ തൊഴില്‍ദിവസങ്ങള്‍ വര്‍ധിപ്പിക്കണം എന്ന് കശുവണ്ടി തൊഴിലാളി ആയ ഒ വത്സലകുമാരി പറഞ്ഞു.
വനം വകുപ്പില്‍ ഒഴിവുള്ള ഡോക്ടര്‍ തസ്തികകളിലെ നിയമനം വേഗത്തില്‍ ആക്കണം എന്നും പാപ്പാന്‍മാരുടെ ശമ്പളം ഉയര്‍ത്തി നിശ്ചയിക്കണം എന്നും ആനപരിപാലകയായ ഷബ്‌ന സുലൈമാന്‍ ആവശ്യപ്പെട്ടു .