തിരുവനന്തപുരം: വയനാട് ചൂരല്‍മല- മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കാണാതായവരെ മരിച്ചവരായി കണക്കാക്കുമെന്ന് സംസ്ഥാന സർക്കാർ. ദുരന്തബാധിതര്ക്ക് ധനസഹായം നൽകുന്നതിനായി പ്രാദേശിക സമിതിയും, സംസ്ഥാനതല സമിതിയും രൂപീകരിച്ചതായി സർക്കാർ ഔദ്യോഗികമായി അറിയിച്ചു.
കാണാതായവരെ മരിച്ചവരായി കണക്കാക്കി അടുത്ത ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകുകയും മറ്റ് സഹായങ്ങൾ ലഭ്യമാക്കുന്നതുമായ നടപടികൾക്കുള്ള സമിതിയുടെ രൂപീകരണമാണ് സർക്കാറിന്റെ ഉദ്ദേശം. പ്രാദേശിക സമിതിയിൽ വില്ലേജ് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി, എസ്എച്ച്ഒ തുടങ്ങിയവർ ഉൾപ്പെടുന്നു.
ദുരന്തത്തിൽ കാണാതായവരെ സംബന്ധിച്ചുള്ള പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എഫ്‌ഐആറിന്റെ അടിസ്ഥാനത്തിൽ തിരച്ചിൽ നടത്തിയെങ്കിലും അവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിൽ പ്രാദേശിക സമിതി ഒരു റിപ്പോർട്ട് തയ്യാറാക്കി സംസ്ഥാനതല സമിതിക്ക് സമർപ്പിക്കും.
ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് സംസ്ഥാനതല സമിതിയുടെ അധ്യക്ഷന്‍. റവന്യൂ വകുപ്പിന്റെയും തദ്ദേശവകുപ്പിന്റെ സെകട്ട്രറിമാരും സമിതിയിലുണ്ട്. സമിതിയുടെ റിപ്പോർട്ട് അംഗീകരിച്ച ശേഷം, അടുത്ത ബന്ധുക്കൾക്ക് മരണ സർട്ടിഫിക്കറ്റ് നൽകുകയും, കുടുംബങ്ങൾക്കുള്ള ധനസഹായം, വീട്, മറ്റ് സഹായങ്ങള്‍ അര്‍ഹരാക്കി കൊണ്ടുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കും
നാലു മാസത്തിനിടയിൽ 32 പേർ കാണാതായിട്ടുണ്ട്. “കാണാതായവരുടെ കുടുംബങ്ങൾക്ക് സഹായം നൽകുന്നത് ദുരിതബാധിതരുടെ പ്രധാന ആവശ്യമാണ്,” എന്ന് സർക്കാർ പ്രഖ്യാപിച്ചു.





