Business Economy Growth India International News

ഇന്ത്യ-സ്വീഡൻ ബന്ധം പുതിയ തലങ്ങളിലേക്ക്

ഗോതൻബർഗ്: പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീഡൻ പ്രധാനമന്ത്രി ഉൽഫ് ക്രിസ്റ്റേഴ്സണുമായി ഗോതന്ർബെർഗിൽ വെച്ച് കൂടിക്കാഴ്ച നടത്തി. ചർച്ചകൾക്ക് പിന്നാലെ ഇന്ത്യയും സ്വീഡനും തമ്മിലുള്ള ബന്ധം തന്ത്രപ്രധാന പങ്കാളിത്ത (Strategic Partnership) നിലയിലേക്ക് വളർത്തിയെടുക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചു.

യോഗത്തിൽ യുവരാജ്ഞി വിക്ടോറിയയും പങ്കെടുത്തു. പതിനാറാം രാജാവ് കാൾ ഗുസ്താഫും, രാജ്ഞി സിൽവിയയും പ്രധാനമന്ത്രി മോദിക്ക് ആശംസകൾ നേർന്നു. സ്വീഡൻ രാജാവിൻ്റെ 80-ാം പിറന്നാളിനോടനുബന്ധിച്ച് മോദിയും ആശംസകൾ നേർന്നു.

വ്യാപാരം, നിക്ഷേപം, നവീകരണം, ഹരിത വികസനം, പുതിയ സാങ്കേതിക വിദ്യകൾ, പ്രതിരോധം, ഡിജിറ്റലൈസേഷൻ, ബഹിരാകാശം, ഗവേഷണം, വിദ്യാഭ്യാസം, സാംസ്കാരിക-ജനകീയ ബന്ധങ്ങൾ തുടങ്ങിയ മേഖലകളിലെ സഹകരണം ഇരുരാജ്യങ്ങളും വിലയിരുത്തി.

ജനാധിപത്യ മൂല്യങ്ങൾ, നവീകരണം, സുസ്ഥിര വികസനം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് നേതാക്കൾ വ്യക്തമാക്കി. ഉന്നതതല രാഷ്ട്രീയ ചർച്ചകളും സ്ഥാപന തലത്തിലുള്ള സംവാദങ്ങളും സ്ഥിരമായി തുടരേണ്ടതിൻ്റെ ആവശ്യകതയും അവർ ചൂണ്ടിക്കാട്ടി.

പുതിയ തന്ത്രപ്രധാന പങ്കാളിത്തം നടപ്പിലാക്കുന്നതിനായി ഇന്ത്യ-സ്വീഡൻ സംയുക്ത പ്രവർത്തനപദ്ധതി 2026-2030 നേതാക്കൾ അംഗീകരിച്ചു.

ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ പുതിയ സാമ്പത്തിക-വാണിജ്യ സാധ്യതകൾ തുറന്നുവെന്നും നേതാക്കൾ അറിയിച്ചു. കരാർ വേഗത്തിൽ നടപ്പിലാക്കാൻ സഹകരിക്കാമെന്നും ഇരുവരും സമ്മതിച്ചു.

സാങ്കേതിക വിദ്യ, അഡ്വാൻസ്ഡ് മാനുഫാക്ചറിംഗ്, സുസ്ഥിര ഗതാഗതം, ഡിജിറ്റൽ പരിവർത്തനം തുടങ്ങിയ മേഖലകളിൽ സ്വീഡൻ ഇന്ത്യയുമായി തുടരുന്ന സഹകരണത്തെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു. ഇന്ത്യയുടെ ഡിജിറ്റൽ പരിവർത്തനത്തെയും കൃത്രിമ ബുദ്ധി രംഗത്തെ മുന്നേറ്റങ്ങളെയും സ്വീഡൻ പ്രധാനമന്ത്രി പ്രശംസിച്ചു. സ്വീഡൻ്റെ സമ്പദ്‌വ്യവസ്ഥയിലും നവീകരണ മേഖലയിലും ഇന്ത്യൻ സമൂഹത്തിൻ്റെ സംഭാവനകളെ കുറിച്ച് അദ്ദേഹം എടുത്തുപറയുകയും ചെയ്തു.

ഐക്യരാഷ്ട്ര സഭ ഉൾപ്പെടെയുള്ള ബഹുരാഷ്ട്ര സ്ഥാപനങ്ങളിൽ പരിഷ്‌കരണം ആവശ്യമാണെന്നും ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ സ്വീഡൻ്റെ പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും മോദി പറഞ്ഞു. സമാധാനം, സ്ഥിരത, ശക്തമായ വിതരണ ശൃംഖല, സുസ്ഥിര സാമ്പത്തിക വളർച്ച എന്നിവയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കുമെന്നും നേതാക്കൾ ആവർത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *