കേരള സംസ്ഥാനത്തിൻ്റെ പതിമൂന്നാമത്തെ മുഖ്യമന്ത്രിമായി വിഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേര്‍ക്കറാണ് വിഡി സതീശന് സത്യവാചകം ചൊല്ലിക്കൊടുത്തത്. ദൈവനാമത്തിലാണ് നിയുക്ത മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തത്. വിഡി സതീശന് പുറമെ 21 അംഗ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. സത്യപ്രതിജ്ഞ ചടങ്ങിലേക്ക് നിരവധി ജനക്കൂട്ടമാണ് എത്തിയത്.
കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍, എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രതിപക്ഷ നേതാവ് പിണറായി വിജയനും മറ്റ് കക്ഷി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. പ്രതിപക്ഷ പാര്‍ട്ടിയിലെ നേതാക്കള്‍ക്ക് വേദിയില്‍ ഇരിപ്പിടമൊരുക്കിയത് ശ്രദ്ധേയകാര്യമായി. വിഡി സതീശന് ശേഷം പികെ കുഞ്ഞാലിക്കുട്ടി സത്യപ്രതിജ്ഞ ചെയ്തു. അതിന് പിന്നാലെ രമേശ് ചെന്നിത്തലയും, സണ്ണി ജോസഫും സത്യപ്രതിജ്ഞ ചെയ്തു.
കെ മുരളീധരന്‍, ബിന്ദു കൃഷ്ണ, എപി അനില്‍കുമാര്‍, പിസി വിഷ്ണുനാഥ്, എം ലിജു, റോജി എം ജോണ്‍, ടി സിദ്ദിഖ്, ഒജെ ജനീഷ്, കെഎ തുളസി, എന്‍ ഷംസുദ്ദീന്‍, പികെ ബഷീര്‍, കെഎം ഷാജി, അബ്ദുള്‍ ഗഫൂര്‍, ഷിബു ബേബി ജോണ്‍, സിപി ജോണ്‍, അനൂപ് ജേക്കബ്, മോന്‍സ് ജോസഫ് എന്നിവരാണ് മന്ത്രിമാരായി എത്തുന്നത്.





