Kerala News Politics

കേന്ദ്ര-സംസ്ഥാന സർക്കാരുകളെ വിമർശിച്ച് രാഹുൽ ഗാന്ധി

പത്തനംതിട്ട: സംസ്ഥാന സർക്കാരിനെയും കേന്ദ്ര സർക്കാരിനെയും ഒരുപോലെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പത്തനംതിട്ടയിൽ നടന്ന കോൺഗ്രസ്‌ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കവെയാണ് രാഹുൽ ഗാന്ധി ഇരു പാർട്ടികളെയും വിമർശിച്ചത്. ശബരിമല സ്വര്‍ണ്ണ കൊള്ള ആരോപണങ്ങൾ ഉന്നയിച്ചാണ് സംസ്ഥാന സര്‍ക്കാരിനെതിരെ രാഹുൽ വിമര്‍ശിച്ചത്. വേദിയിൽ സ്വര്‍ണം കട്ടത് ആരപ്പാ എന്ന പാര‍ഡി ഗാനം രാഹുൽ പാടിയപ്പോൾ സഖാക്കളാണെ അയ്യപ്പാ എന്ന് സദസിൽ നിന്ന് പാട്ടിന്റെ ബാക്കി ഭാഗം കാണികളും ഏറ്റുപാടി.

പ്രധാന മന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ രഹസ്യ ധാരണ ഉണ്ടാക്കിയിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. കേന്ദ്ര തലത്തിൽ ബിജെപിയെ നേരിടാൻ കോൺഗ്രസിന് മാത്രമേ കഴിയൂ. അത് പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് നന്നായി അറിയാം. അതുകൊണ്ടാണ് കേരളത്തിൽ കോൺഗ്രസ്സിനെ തടയാൻ ശ്രമം നടക്കുന്നത്. കേരള മുഖ്യമന്ത്രിക്കെതിരെ ഇതുവരെയും ഒരു കേന്ദ്ര ഏജൻസികൾ പോലും വന്നിട്ടില്ല. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മോദിയെ നിയന്ത്രിക്കുന്നത് പോലെ മോദി മുഖ്യമന്ത്രി പിണറായി വിജയനെയും നിയന്ത്രിക്കുകയാണ് എന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *