Kerala News

സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയും പെന്‍ഷന്‍കാരുടെ ക്ഷാമാശ്വാസവും വര്‍ധിച്ചു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത മൂന്ന് ശതമാനം വര്‍ധിപ്പിച്ചു. ഇതോടെ 12 ശതമാനത്തിലിരുന്ന ക്ഷാമബത്ത 15 ശതമാനമായി. പെന്‍ഷന്‍കാരുടെ ക്ഷാമാശ്വാസവും 12 ശതമാനത്തില്‍ നിന്ന് 15 ശതമാനമാക്കി ഉയര്‍ത്തിയിട്ടുണ്ട്. ധനവകുപ്പ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. ഏപ്രില്‍ മുതല്‍ വര്‍ധന നടപ്പിലാകും.

സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, എയ്ഡഡ് സ്‌കൂള്‍, കോളേജ്, പോളിടെക്നിക് ജീവനക്കാര്‍, തദ്ദേശസ്ഥാപന ജീവനക്കാര്‍, മുഴുവന്‍ സമയ കണ്ടിജന്റ് ജീവനക്കാര്‍ എന്നിവരുടെ ക്ഷാമബത്തയും സംസ്ഥാന സര്‍വീസ് പെന്‍ഷന്‍ വാങ്ങുന്നവര്‍, കുടുംബ പെന്‍ഷന്‍കാര്‍, എക്സ്ഗ്രേഷ്യ പെന്‍ഷന്‍കാര്‍, എക്സ്ഗ്രേഷ്യ കുടുംബ പെന്‍ഷന്‍കാര്‍ എന്നിവരുടെ ക്ഷാമാശ്വാസവുമാണ് വര്‍ധിപ്പിക്കുന്നത്.

ക്ഷാമബത്ത 12 ശതമാനത്തില്‍ നിന്ന് 15 ശതമാനമാക്കിയതോടെ 690 രൂപ മുതല്‍ 3711 രൂപ വരെ വര്‍ധനയുണ്ടാകുമെന്ന് ധനവകുപ്പ് അറിയിച്ചു. അടിസ്ഥാന ശമ്പളം അനുസരിച്ചുള്ള വര്‍ധനയാണിത്. സേവനകാലം കൂടുതലുള്ളവര്‍ക്ക് സ്‌കെയില്‍ ഓഫ് പേ അനുസരിച്ചുള്ള വര്‍ധന ലഭിക്കും. പാര്‍ട്ട്‌ടൈം അധ്യാപകര്‍ക്കും കണ്ടിജന്റ് ജീവനക്കാര്‍ക്കും ഈ വര്‍ധന ബാധകമാണ്.

Leave a Reply

Your email address will not be published. Required fields are marked *