ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് (ഓട്ടോണോമസ്) ഇരിഞ്ഞാലക്കുട, പോസ്റ്റ്‌ഗ്രാജുവേറ്റ് & റിസർച് ഡിപ്പാർട്ട്മെൻ്റ് ഓഫ് മാത്തമാറ്റിക്സ്, അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷന്റെയും (ANRF) കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെയും (CSIR) പിന്തുണയോടെ 2025 സെപ്റ്റംബർ 18 മുതൽ 20 വരെ ഇന്റർനാഷണൽ കോൺഫറൻസ് ഓൺ റീസെന്റ് അഡ്വാൻസസ് ഇൻ ഗ്രാഫ് തിയറി (ICRAGT–2025) സംഘടിപ്പിക്കുന്നു. അക്കാദമി ഓഫ് ഡിസ്ക്രീറ്റ് മാത്തമാറ്റിക്സ് ആൻഡ് ആപ്ലിക്കേഷൻസ് (ADMA) യുമായി സഹകരിച്ചായിരിക്കും ഇത് നടത്തപ്പെടുക
സമ്മേളനം ADMA പ്രസിഡന്റും കൊച്ചി സയൻസ് ആൻഡ് ടെക്നോളജി സർവകലാശാലയിലെ ഗണിതശാസ്ത്ര വിഭാഗത്തിലെ എമിരിറ്റസ് പ്രൊഫസറുമായ പ്രൊഫ. അമ്പാട്ട് വിജയകുമാർ ഉദ്ഘാടനം ചെയ്യും. IISc, IMSc, ISI, IITs എന്നിവയുൾപ്പെടെ രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളിലും വിദേശ രാജ്യങ്ങളിലെ സർവകലാശാലകളിലും നിന്നുള്ള ഗണിതശാസ്ത്രത്തിലെ 13 പ്രമുഖ പ്രഭാഷകർ സമ്മേളനത്തിൽ പങ്കെടുക്കും. പ്രൊഫ്. അലക്സാണ്ടർ വെസെൽ (മാരിബോർ സർവകലാശാല, സ്ലൊവേനിയ), പ്രൊഫ്. ജെക് എൽ. ചിയ (ടുങ്കു അബ്ദുൾ റഹ്മാൻ യൂണിവേഴ്സിറ്റി, മലേഷ്യ) എന്നിവർ നേരിട്ട് കോളേജിലെത്തുകയും പ്രഭാഷണം നടത്തുകയും ചെയ്യും. പ്രൊഫ്. കിരൺ ആർ. ഭുട്ടാനി (കാത്തലിക് യൂണിവേഴ്സിറ്റി, അമേരിക്ക), പ്രൊഫ്. സ്റ്റീഫൻ വാഗ്നർ (ഗ്രാസ് ടെക്നോളജി സർവകലാശാല, ഓസ്ട്രിയ) എന്നിവർ ഓൺലൈൻ മുഖേനയും പ്രഭാഷണം നടത്തും.
42 ഗവേഷണ പ്രബന്ധങ്ങൾ സമ്മേളനത്തിൽ അവതരിപ്പിക്കും. അൽജിബ്രായിക് ഗ്രാഫ് തിയറി, ഡൊമിനേഷൻ, കളറിംഗ്, ഡിഎൻഎ ആപ്ലിക്കേഷനുകൾ, നെറ്റ്‌വർക്ക് ഗവേഷണം തുടങ്ങി വിവിധ മേഖലകളിൽ നവീന ഗവേഷണങ്ങൾ ചര്‍ച്ച ചെയ്യപ്പെടും.
കമ്പ്യൂട്ടർ സയൻസ്, ജീവശാസ്ത്രം, ഡാറ്റാ വിശകലനം തുടങ്ങി വിവിധ മേഖലകളിൽ വ്യാപകമായ പ്രയോഗങ്ങളുള്ളതിനാൽ ഗ്രാഫ് തിയറി ആധുനിക ഗണിതശാസ്ത്രത്തിലെ ഏറ്റവും സജീവമായ മേഖലകളിലൊന്നായി വളർന്നു വരികയാണ്. കോൺഫറൻസ് ഈ മേഖലയിൽ ഗവേഷണവും സഹകരണവും മുന്നോട്ട് കൊണ്ടുപോകുന്നതിൽ നിർണായക പങ്കുവഹിക്കും. ഗ്രാഫ് തിയറിയിലെ ആധുനിക ഗവേഷണങ്ങളും പ്രായോഗിക വെല്ലുവിളികളും സംബന്ധിച്ച് ആശയവിനിമയത്തിനും സഹകരണത്തിനും അക്കാദമിക് വളർച്ചയ്ക്കും ഒരു വേദിയായി സമ്മേളനം മാറും.





