ന്യൂഡൽഹി: ഗർഭാശയമുഖ അർബുദം അഥവാ സെർവിക്കൽ കാൻസറിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യവ്യാപകമായി 14 വയസ്സ് തികഞ്ഞ പെൺകുട്ടികൾക്കായി ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) വാക്സിനേഷൻ ഡ്രൈവ് ഈ മാസം അവസാനം ആരംഭിക്കും. കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലൂടെ സൗജന്യ കുത്തിവയ്പ്പ് നൽകാനാണ് തീരുമാനം. രാജ്യത്തുടനീളം ഏകദേശം 1.2 കോടി പെൺകുട്ടികളെയാണ് ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നത്. സ്ത്രീകളിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന രണ്ടാമത്തെ കാൻസറായ സെർവിക്കൽ കാൻസർ പ്രതിരോധിക്കാൻ ഇത് നിർണായക നീക്കമെന്ന് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നു.
സെർവിക്സിൽ ഉണ്ടാകുന്ന അനിയന്ത്രിത കോശവളർച്ചയാണ് സെർവിക്കൽ കാൻസർ. വിവിധ തരത്തിലുള്ള HPV വൈറസുകളാണ് പ്രധാന കാരണം. പ്രതിവർഷം ഏകദേശം 80,000 പുതിയ കേസുകളും 42,000ലധികം മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നു. തുടക്കത്തിൽ ലക്ഷണങ്ങൾ വ്യക്തമായി തിരിച്ചറിയപ്പെടാത്തതിനാൽ പലരും വൈകിയാണ് ചികിത്സ തേടുന്നത്. നേരത്തെ കണ്ടെത്തിയാൽ രോഗം പൂർണ്ണമായും ഭേദമാക്കാനാകുമെന്നത് ശ്രദ്ധേയമാണ്. 6, 11, 16, 18 തരം വൈറസുകളിൽ നിന്നും സംരക്ഷണം നൽകുന്ന ‘ഗാർഡാസിൽ’ വാക്സിനാണ് ഉപയോഗിക്കുന്നത്. വാക്സിനേഷൻ, സ്ക്രീനിംഗ്, സമയബന്ധിത ചികിത്സ എന്നിവയിലൂടെ സെർവിക്കൽ കാൻസറിനെ ഫലപ്രദമായി പ്രതിരോധിക്കാമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.





