കൊച്ചി: കേരളത്തിൽ എയിംസ് (AIIMS) സ്ഥാപിക്കണമെന്ന ആവശ്യം സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ നിലപാടിൽ ഹൈക്കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. സംസ്ഥാനം നിർദേശിച്ച സ്ഥലത്ത് സാദ്ധ്യതാ പഠനം നടത്താൻ കേന്ദ്രത്തിന് മുമ്പ് തന്നെ കോടതി നിർദ്ദേശം നൽകിയിരുന്നുവെങ്കിലും മറുപടി നൽകാൻ നാല് ആഴ്ച സമയം വേണമെന്ന കേന്ദ്രത്തിന്റെ ആവശ്യം കോടതി തള്ളി.
“കേരളത്തിൽ എയിംസ് സ്ഥാപിക്കാൻ ഇതുവരെ തീരുമാനമെടുത്തിട്ടില്ലേയെന്ന്?” കോടതി കേന്ദ്രത്തോട് ചോദിച്ചു. തീരുമാനം എങ്ങനെ ഇത്രയും നീണ്ടുപോകുന്നു എന്നും കോടതി ആരാഞ്ഞു. സംസ്ഥാനത്തിന്റെ നീണ്ടകാല ആവശ്യം അവഗണിക്കാനാകില്ലെന്ന നിലപാടാണ് ഹൈക്കോടതി വ്യക്തമാക്കിയത്.
കേന്ദ്രത്തിന് രണ്ടാഴ്ച സമയം അനുവദിച്ച കോടതി, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിനിധി ഓൺലൈൻ ആയി ഹാജരാകണമെന്നും സാദ്ധ്യതാ പഠനത്തെക്കുറിച്ച് വ്യക്തമായ മറുപടി സമർപ്പിക്കണമെന്നും നിർദേശിച്ചു.





