ഭരണഘടനയിലെ ആർട്ടിക്കിൾ 370, 35(എ) എന്നിവ റദ്ദാക്കിയതിന്റെ ഏഴാം വാർഷികത്തിൽ ജമ്മു-കശ്മീരും ലഡാക്കും വികസനത്തിന്റെ പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
സമൂഹമാധ്യമമായ എക്‌സിൽ പങ്കുവെച്ച സന്ദേശത്തിലാണ് 2019 ഓഗസ്റ്റ് 5-ന് എടുത്ത തീരുമാനം ജമ്മു-കശ്മീരിന്റെയും ലഡാക്കിന്റെയും ചരിത്രത്തിൽ നിർണായക വഴിത്തിരിവായിരുന്നുവെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.
കഴിഞ്ഞ ഏഴ് വർഷത്തിനിടെ അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം, ആരോഗ്യം, സംരംഭകത്വം, കായികരംഗം തുടങ്ങിയ മേഖലകളിൽ വലിയ പുരോഗതി കൈവരിച്ചതായി അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകളായി ഭരണഘടനാപരമായ അവകാശങ്ങളിൽ നിന്ന് അകറ്റിനിർത്തപ്പെട്ടിരുന്ന സ്ത്രീകൾക്കും പിന്നാക്കവിഭാഗങ്ങൾക്കും ഇന്ത്യൻ ഭരണഘടന പൂർണമായി നടപ്പിലാക്കിയതിലൂടെ കൂടുതൽ കരുത്ത് ലഭിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വർഷം ഡോ. ശ്യാമ പ്രസാദ് മുഖർജിയുടെ 125-ാം ജന്മവാർഷികം രാജ്യം ആചരിക്കുന്നതിനാൽ ഓഗസ്റ്റ് 5-ന് കൂടുതൽ പ്രാധാന്യമുണ്ടെന്നും ദേശീയ ഐക്യത്തിനായി അദ്ദേഹം ഉയർത്തിപ്പിടിച്ച ദർശനം 2019 ഓഗസ്റ്റ് 5-ലെ തീരുമാനത്തിലൂടെ ചരിത്രപരമായി സാക്ഷാത്കരിക്കപ്പെട്ടുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജമ്മു-കശ്മീരിന്റെയും ലഡാക്കിന്റെയും സമഗ്ര വികസനത്തിനുള്ള കേന്ദ്രസർക്കാരിന്റെ പ്രതിബദ്ധത ആവർത്തിച്ച പ്രധാനമന്ത്രി, ഓരോ പൗരനും വലിയ സ്വപ്നങ്ങൾ കാണാനും അവ സാക്ഷാത്കരിക്കാനും വികസിത ഭാരതത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാകാനും അവസരമൊരുക്കുന്നതിന് സർക്കാർ തുടർന്നും പ്രവർത്തിക്കുമെന്ന് വ്യക്തമാക്കി.




