Kerala News

‘സൂപ്പർ 100” വിദ്യാർത്ഥിനികളുടെ പഠനയാത്ര തിരുവനന്തപുരത്ത്

പാലക്കാട് അട്ടപ്പാടിയിലെ പട്ടികവർഗ വിഭാഗത്തിലെ തെരഞ്ഞെടുക്കപ്പെട്ട പെൺകുട്ടികൾക്കായി നടത്തി വരുന്ന ”സൂപ്പർ 100”  പദ്ധതി വിജയകരമായി പുരോഗമിക്കുന്നു. അട്ടപ്പാടിയിലെ മുക്കാലി മോഡൽ റെസിഡൻഷ്യൽ സ്‌കൂളിലും, അഗളി സ്‌കൂളിലും പഠിക്കുന്ന 8 മുതൽ 11 ക്ലാസുകളിലെ 108  പെൺകുട്ടികളാണ് പദ്ധതിയുടെ ഭാഗമായുള്ളത്. നൈപുണ്യ വികസനത്തിനുതകുന്ന വിവിധ പരിപാടികൾ ഉൾക്കൊള്ളുന്നതാണ് ഒരു വർഷം നീണ്ടുനിൽക്കുന്ന ഈ പദ്ധതി. അസാപ് കേരളയും പാലക്കാട് ജില്ലാ ഭരണകൂടവും റബ്ഫിലാ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡും ചേർന്ന് സംയുക്തമായി നടപ്പിലാക്കുന്ന ”സൂപ്പർ 100” പദ്ധതി യുടെ ഭാഗമായി ഫെബ്രുവരി രണ്ടുവരെ തിരുവനന്തപുരം ജില്ലയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കുന്നുണ്ട്. ആദ്യ ദിനമായ ജനുവരി 31ന് രജിസ്ട്രേഷൻ വകുപ്പ് ഇൻസ്‌പെക്ടർ ജനറൽ ശ്രീധന്യ സുരേഷ് കുട്ടികളുമായി സംവദിച്ചു. കുട്ടികളുടെ മുന്നിലുള്ള അവസരങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്നതായിരുന്നു സെഷൻ.  ഉച്ചക്ക് ശേഷം വലിയമല ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്ററും സന്ദർശിച്ചു. വരും ദിവസങ്ങളിൽ കേരള നിയമസഭ, പ്ലാനറ്റേറിയം തുടങ്ങിയവ സന്ദർശിക്കുകയും, മികച്ച വ്യക്തിത്വങ്ങളുമായി ഇടപെടുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *