മധുരൈ: തമിഴ്നാട്ടിലെ തിരുപ്പരങ്കുന്ദ്രം ക്ഷേത്രത്തിൽ കാർത്തിക ദീപം പതിവ് ആചാരപ്രകാരമുള്ള സ്ഥലത്ത് തെളിയിച്ച് ക്ഷേത്രം. കോടതി നിർദേശിച്ച കൽത്തൂണിൽ ദീപം തെളിയിക്കാതിരുന്ന ക്ഷേത്ര ട്രസ്റ്റി ബോർഡ്, ദീർഘകാലമായി പിന്തുടരുന്ന മതാചാരങ്ങൾക്കും പാരമ്പര്യങ്ങൾക്കും മുൻഗണന നൽകേണ്ടതുണ്ടെന്ന് വ്യക്തമാക്കി.
ചൊവ്വാഴ്ച വൈകിട്ട് ആറിന് തിരുപ്പരങ്കുന്ദ്രം കുന്നിന് മുകളിലുള്ള ഉച്ചിപ്പിള്ളയാർ ദീപ മണ്ഡപത്തിലാണ് കാർത്തിക ദീപം തെളിയിച്ചത്. നിലവിലുള്ള ആരാധനാരീതികളും ആചാരങ്ങളും സംരക്ഷിക്കണമെന്ന ഏകകണ്ഠമായ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലാണ് ചടങ്ങ് നടത്തിയതെന്ന് ട്രസ്റ്റി ബോർഡ് അറിയിച്ചു.
കൽത്തൂണിൽ ദീപം തെളിയിക്കാതിരിക്കാനുള്ള തീരുമാനത്തെ ട്രസ്റ്റി ബോർഡ് ചെയർമാൻ വി. ഷൺമുഖസുന്ദരം ന്യായീകരിച്ചു. ക്ഷേത്രത്തിലെ ആചാരങ്ങൾ അഗമ നിയമങ്ങൾക്കനുസൃതമായാണ് നടക്കുന്നതെന്നും അവ ക്ഷേത്രത്തിൻ്റെ മതപരമായ അനുഷ്ഠാനങ്ങളുടെ അടിസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു. ഈ പാരമ്പര്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.





