തൃശ്ശൂർ ശക്തൻ ബസ്റ്റാൻഡിൽ രാവിലെ 8.30 മുതൽ വിദ്യാർത്ഥികൾ വിദ്യാലയങ്ങളിൽ പോകുന്ന സമയത്തും, ജീവനക്കാർ ഓഫീസിൽ പോകുന്ന സമയത്തും തൃശ്ശൂർ കോർപ്പറേഷൻ റവന്യൂ ഡിപ്പാർട്ട്മെന്റും, പോലീസ് ഉദ്യോഗസ്ഥരും, മോട്ടോർ വാഹന ഉദ്യോഗസ്ഥരും, കോൺട്രാക്ടർ ജോൺസനും ചേർന്ന് ശക്തൻ ബസ്റ്റാൻഡിൽ വന്ന് സ്റ്റാൻഫീസ് കുടിശ്ശിക നൽകുന്നില്ല എന്ന കാരണം പറഞ്ഞ് ബസ്സുകൾ ജപ്തി ചെയ്യുവാൻ തുടങ്ങി. 2025 ഏപ്രിൽ 1 മുതൽ ബസ്സുടമസ്ഥ സംഘടനകളും ആയി ഒരു രീതിയിലും ഉള്ള ആലോചനകളും മറ്റും നടത്താതെ ഏകപക്ഷീയമായി ശക്തൻ ബസ് സ്റ്റാൻഡിലും,വടക്കേച്ചിറ ബസ്റ്റാന്റിലും 25/- രൂപയായിരുന്ന ബസ്റ്റാൻഡ് ഫീസ് 15/- രൂപ വർദ്ധിപ്പിച്ച് 40/- രൂപയും, വടക്കേച്ചിറ ബസ്റ്റാന്റിനടുത്തുള്ള പാർക്കിംഗ് ഫീസ് 40/- രൂപ ആയിരുന്നത് 30/- വർധിപ്പിച്ച് 70/- രൂപയും ആക്കിയിരുന്നു. എന്നാൽ ബസ്സുടമസ്ഥ കോഡിനേഷൻ കമ്മിറ്റി വർധിപ്പിച്ച ബസ്റ്റാൻഡ് ഫീസ് നൽകേണ്ടതില്ലെന്ന് തീരുമാനമെടുത്തു. കോൺട്രാക്ടർ ജോൺസൺ ബസ്സുടമസ്ഥ കോഡിനേഷൻ കമ്മിറ്റി ചെയർമാൻ എം.എസ്. പ്രേംകുമാറിനെ ടെലിഫോൺ വിളിച്ച് സംസാരിക്കുകയും വർധിപ്പിച്ച ഫീസ് നൽകേണ്ടതില്ല എന്നും കോർപ്പറേഷനുമായി ചർച്ച നടത്തിയതിനുശേഷം മാത്രം പുതുക്കിയ ഫീസിനെ കുറിച്ച് തീരുമാനിക്കാം എന്നും അറിയിച്ചു.
ഏകദേശം 4 മാസം കഴിഞ്ഞിട്ടും മേയറും, സെക്രട്ടറി യും കോർഡിനേഷൻ കമ്മിറ്റിയുമായി ചർച്ചയ്ക്ക് തയ്യാറായിട്ടില്ല.സിറ്റി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ബസ്സുടമസ്ഥ കോർഡിനേഷൻ കമ്മിറ്റിയുമായി രണ്ടു പ്രാവശ്യം ചർച്ച നടത്തിയതാണ്. അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ബസ്സ് സ്റ്റാൻഡ് ഫീസും, പാർക്കിംഗ് ഫീസും കുറച്ചു നൽകുവാൻ കോർപ്പറേഷനോടും, കോൺട്രാക്ടർ ജോൺസനോടും ആവശ്യപ്പെട്ടിട്ടും രണ്ടു പേരും കമ്മിഷണറുടെ നിർദേശം തള്ളിക്കളയുകയാണ് ചെയ്തത്. ബസ്സുടമകൾ കോർപ്പറേഷൻ കൗൺസിൽ തീരുമാനത്തിനെതിരെ തിരുവനന്തപുരം ട്രിബൂനൽ കോടതിയിൽ ഇതിനെതിരെ കേസ് ഫയൽ ചെയ്തിരുന്നു. 30.07.2025 ബുധനാഴ്ച്ച കോടതി കേസ് പരിഗണിക്കുകയും ബസ്സുടമകളുടെ വാദം കേൾക്കുകയും ചെയ്തു. 2025 ഓഗസ്റ്റ് 7 വ്യാഴാഴ്ച കോർപറേഷന്റെ വാദം കേൾക്കുവാൻ മാറ്റിവച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കോർപ്പറേഷൻ റവന്യൂ ഡിപ്പാർട്ട്മെന്റും, പോലീസ് ഉദ്യോഗസ്ഥരും,മോട്ടോർ വാഹന ഉദ്യോഗസ്ഥരും കോൺടാക്റ്റർ ജോൺസനും ചേർന്ന് ബസ്സുകൾ പിടിച്ചെടുക്കാൻ തയ്യാറായി രംഗത്ത് വന്നത്. കോർഡിനേഷൻ കമ്മിറ്റി ഭാരവാഹികളും, ബസ്സുടമകളും, തൊഴിലാളികളും ഈ നടപടിയെ ചോദ്യം ചെയ്യുകയും, നിയമപ്രകാരം നോട്ടീസ് നൽകാതെ ജപ്തി നടപടി ചെയ്യാൻ കഴിയില്ല എന്നും ഉടമകൾ ആവശ്യപ്പെടുകയും ചെയ്തു.ശക്തമായി കോഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ ഇതിൽ ഇടപെട്ടതിന് തുടർന്ന് ജപ്തി നടപടികൾ നിർത്തിവെച്ച് റവന്യൂ ഡിപ്പാർട്ട്മെന്റും,പോലീസ് ഉദ്യോഗസ്ഥരും,മോട്ടോർ വാഹന ഉദ്യോഗസ്ഥരും സ്റ്റാൻഡ് വിട്ട് പോകുകയും ചെയ്തു.അതിന് ശേഷം ജപ്തി ചെയ്ത ബസ്സുകൾ അടക്കം സർവീസ് പുനരാരംഭിക്കുകയും ചെയ്തു.ഇതിനെ സംബന്ധിച്ച് ജില്ലാ കളക്ടർ കോർപ്പറേറഷനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.ഇനി ഇതുപോലുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞാൽ തൃശൂർ ശക്തൻ സ്റ്റാൻഡിൽ നിന്നുള്ള എല്ലാ സ്വകാര്യ ബസുകളും സർവീസ് നിർത്തിവയ്ക്കാൻ തീരുമാനിച്ചിട്ടുള്ള വിവരം കോർഡിനേഷൻ കമ്മിറ്റി എല്ലാവരെയും അറിയിച്ചുകൊള്ളുന്നു.
ശക്തൻ സ്റ്റാൻഡിന്റെ അവസ്ഥ വളരെ പരിതാപകരമാണ് , യാതൊരു മെയിന്റനൻസ് വർക്കുകളും നടത്താതെ ബസ്റ്റാൻഡിൽ പ്രവേശിക്കുന്ന സ്ഥലത്തും ബസ്സുകൾ കടന്നു പുറത്തേക്ക് പോകുന്ന വശത്തും കുണ്ടും കുഴിയും നിറങ്ങി രിക്കുകയാണ് , ബസ്റ്റാൻഡിൽ യാത്രക്കാർക്ക് ലഭിക്കേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒന്നും തന്നെ ലഭ്യമല്ല , യാത്രക്കാർക്ക് ഇരിക്കാനുള്ള കസേരകൾ തുരുമ്പിച്ച് ഉപയോഗശൂന്യമായ നിലയിലാണ് , ജീവനക്കാർക്കും യാത്രക്കാർക്കും നൽകേണ്ട കുടിവെള്ളം തുടങ്ങിയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒന്നും തന്നെ ലഭ്യമല്ല.





