ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം മേൽപുത്തൂർ സ്മാരക ആയുർവ്വേദ ആശുപത്രിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ ആയുർവ്വേദ സെമിനാർ സംഘടിപ്പിച്ചു. നാരായണീയം ഹാളിൽ നടന്ന പരിപാടി ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ ഉദ്ഘാടനം ചെയ്തു.
ദേവസ്വം വേദ സംസ്കാര പഠന കേന്ദ്രം ഡയറക്ടർ ഡോ. പി. നാരായണൻ നമ്പൂതിരി ആശംസാപ്രസംഗം നടത്തി.
സെമിനാറിൽ പ്രശസ്ത അധ്യാപകരും ഗവേഷകരും പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കോട്ടക്കൽ ആയൂർവ്വേദ കോളേജിലെ പ്രൊഫസർ ഡോ. സുബിൻ വൈദ്യ മഠവും, ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ മുൻ പ്രോ വൈസ് ചാൻസലർ ഡോ. മുത്തുലക്ഷ്മിയും വൈദ്യശാസ്ത്രത്തിന്റെ ആധുനിക പ്രാധാന്യവും ഗവേഷണ സാധ്യതകളും വിശദീകരിച്ചു. അഷ്ടാംഗം ആയൂർവ്വേദ കോളേജിന്റെ പ്രിൻസിപ്പാൾ ഡോ. ആലത്തിയൂർ നാരായണൻ നമ്പി മോഡറേറ്ററായി പ്രവർത്തിച്ചു.
ദേവസ്വം പ്രസിദ്ധീകരണ വിഭാഗം അസിസ്റ്റന്റ് മാനേജർ കെ.ജി. സുരേഷ് കുമാർ സ്വാഗതം പറഞ്ഞു. അസിസ്റ്റന്റ് മാനേജർ സത്യൻ നന്ദി രേഖപ്പെടുത്തി. വിവിധ ആയുർവ്വേദ കോളേജുകളിൽ നിന്നായി അമ്പതിലേറെ വിദ്യാർത്ഥികൾ സെമിനാറിൽ പങ്കെടുത്തു. പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും ദേവസ്വം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.





