Kerala News

സംസ്ഥാനത്ത് കനത്ത ചൂട്; സൂര്യാഘാതവും കാട്ടുതീയും ഒഴിവാക്കാൻ ദുരന്തനിവാരണ അതോറിറ്റിയുടെ ജാഗ്രത നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ദിനംപ്രതി വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഉയർന്ന താപനില സൂര്യാഘാതം, സൂര്യതാപം, നിർജലീകരണം എന്നിവയ്ക്ക് വഴിവെക്കാമെന്നതിനാൽ എല്ലാവരും മുൻകരുതൽ സ്വീകരിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

ആരോഗ്യ സംരക്ഷണത്തിന് നിർദേശങ്ങൾ

  • പകൽ 11 മുതൽ 3 വരെ നേരിട്ട് സൂര്യപ്രകാശത്തിൽ കൂടുതൽ സമയം ചെലവഴിക്കരുത്.
  • ദാഹമില്ലെങ്കിലും ഇടയ്ക്കിടെ ശുദ്ധജലം കുടിക്കുക.
  • മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവ ഒഴിവാക്കുക.
  • ഇളം നിറത്തിലുള്ള, അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
  • പുറത്തിറങ്ങുമ്പോൾ കുട, തൊപ്പി, പാദരക്ഷകൾ എന്നിവ ഉപയോഗിക്കുക.
  • പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക; ORS, സംഭാരം തുടങ്ങിയവ ഉപയോഗിക്കുക.

തീപിടിത്തത്തിനും കാട്ടുതീയ്ക്കും ജാഗ്രത

മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ തീപിടിത്ത സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തി സുരക്ഷാ മുൻകരുതലുകൾ ഉറപ്പാക്കണം. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും കാട്ടുതീ ഒഴിവാക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തണം. വനംവകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നിർദേശം

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശുദ്ധമായ കുടിവെള്ളവും ക്ലാസ് മുറികളിൽ മതിയായ വായുസഞ്ചാരവും ഉറപ്പാക്കണം. പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പുവരുത്തണം. വിദ്യാർത്ഥികൾക്ക് കൂടുതൽ വെയിൽ ഏൽക്കുന്ന അസംബ്ലികളും പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ വേണം. വിനോദയാത്രകൾ നടത്തുന്ന സ്കൂളുകൾ 11 മുതൽ 3 വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം.

അംഗനവാടി കുട്ടികൾക്കും ചൂട് ബാധിക്കാതിരിക്കാനുള്ള ക്രമീകരണങ്ങൾ പഞ്ചായത്ത് അധികൃതരും ജീവനക്കാരും ഉറപ്പാക്കണം.

ചൂട് കൂടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി ആവർത്തിച്ചു അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *