ചെന്നൈ: പ്രശസ്ത സംഗീത സംവിധായകൻ യുവൻ ശങ്കർ രാജയ്‌ക്കെതിരെ വാടക കുടിശ്ശികയുമായി ബന്ധപ്പെട്ട് വീട്ടുടമ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നു. ചെന്നൈ നുങ്കമ്പാക്കത്തുള്ള ഒരു വീട് വാടകയ്ക്കെടുത്ത യുവൻ ശങ്കർ രാജ, 20 ലക്ഷം രൂപയുടെ വാടക കുടിശ്ശികയാക്കിയെന്നാണ് ആരോപണം.
വീട്ടുടമയായ ജമീലയുടെ സഹോദരൻ നൽകിയ പരാതിയിൽ, യുവൻ ശങ്കർ രാജ രണ്ടു വർഷം മുമ്പ് വീട് വാടകയ്ക്കെടുത്തുവെന്നും ഒരു വർഷം കഴിഞ്ഞപ്പോൾ വാടക വർദ്ധിപ്പിച്ചെന്നും പറയുന്നു. എന്നാൽ നിശ്ചിത തുക വാടക നൽകാതെ യുവൻ ശങ്കർ രാജ കബളിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.
നോട്ടീസ് അയച്ചതിനെ തുടർന്ന് 12 ലക്ഷം രൂപയുടെ ചെക്ക് നൽകിയെങ്കിലും ഇപ്പോഴും 20 ലക്ഷം രൂപയുടെ കുടിശ്ശിക ബാക്കിയുണ്ടെന്നാണ് വീട്ടുടമയുടെ വാദം. കഴിഞ്ഞ ദിവസം ഒരറിയിപ്പും നൽകാതെ യുവൻ ശങ്കർ രാജ വീട് ഒഴിഞ്ഞുപോയെന്നും പരാതിയിൽ പറയുന്നു.
എന്നാൽ ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണിതെന്നും യുവൻ ശങ്കർ രാജ പ്രതികരിച്ചു. താൻ അഞ്ചുകോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വീട്ടുടമയ്‌ക്കെതിരെ നോട്ടീസ് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തിൽ പോലീസ് അന്വേഷണം നടത്തുകയാണ്.