തിരുവനന്തപുരം: ആശാ വർക്കർമാർ സമരം തുടരുന്നതിനിടെ, ആരോഗ്യവകുപ്പ് ഹെൽത്ത് വോളന്റിയേഴ്സിനെ നിയമിക്കാൻ തീരുമാനിച്ചു. പുതിയ വോളന്റിയർമാർക്ക് പരിശീലനം നൽകാൻ മാർഗനിർദേശം പുറത്തിറക്കിയിട്ടുണ്ട്. 50 പേരുള്ള 30 ബാച്ചുകൾക്ക് പരിശീലനം നൽകാനാണ് പദ്ധതി, ഇതിനായി 11.70 ലക്ഷം രൂപ അനുവദിച്ചു.
സംസ്ഥാനത്ത് 1500 ഹെൽത്ത് വോളന്റിയേഴ്സിനെ നിയമിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ 50 പേരടങ്ങുന്ന 5 ബാച്ചുകൾക്കും, കോട്ടയം, പാലക്കാട് ജില്ലകളിൽ 4 ബാച്ചുകൾക്കും പരിശീലനം നൽകും. ആശാ വർക്കർമാരുടെ സമരം ശക്തമായി മുന്നോട്ട് പോകുമ്പോഴാണ് സർക്കാർ ഈ നീക്കം ആരംഭിച്ചത്.
നാഷണൽ ഹെൽത്ത് മിഷൻ നേരത്തെ സമരത്തിൽ പങ്കെടുക്കുന്ന ആശാ വർക്കർമാർ അടിയന്തിരമായി ജോലിയിൽ തിരിച്ചെത്തണമെന്ന് നിർദ്ദേശം നൽകിയിരുന്നു. ആശാ പ്രവർത്തകർ ജോലിയിൽ തിരിച്ചെത്താത്ത പക്ഷം പകരം സംവിധാനം ഏർപ്പെടുത്തണമെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഹെൽത്ത് വോളന്റിയേഴ്സിനെ നിയമിക്കാനുള്ള തീരുമാനം. ആശാ വർക്കർമാർ നിർവഹിക്കുന്ന സമാനമായ ജോലിയാണ് പുതിയ ഹെൽത്ത് വോളന്റിയേഴ്സിന് നിർവഹിക്കേണ്ടത്.





