147 ബ്രാഞ്ചുകളും പ്രവർത്തിക്കുന്നുണ്ട്; നിക്ഷേപകർ ആശങ്കപ്പെടേണ്ടതില്ലെന്നും വിശദീകരണം
കേരളത്തിൽ 147 ബ്രാഞ്ചുകളുള്ള BLM സൊസൈറ്റിയെ തകർക്കാൻ ആസൂത്രിതമായ ഗൂഢാലോചന നടക്കുന്നുവെന്ന് സൊസൈറ്റി പ്രതിനിധി ആരോപിച്ചു. സൊസൈറ്റിക്കെതിരെ ഉയർന്ന പരാതികൾ നൽകിയത് നിലവിലെ നിക്ഷേപകരല്ലെന്നും സാമ്പത്തിക ക്രമക്കേടുകളുടെ പേരിൽ പുറത്താക്കപ്പെട്ട മുൻ അംഗങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. നിക്ഷേപകരുടെ പണം സുരക്ഷിതമാണെന്നും മെച്യൂരിറ്റി തുകയും പ്രതിമാസ ഡിവിഡന്റും കൃത്യമായി നൽകുന്നുണ്ടെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം അവകാശപ്പെട്ടു.
മൂന്ന് ലക്ഷം രൂപ നിക്ഷേപിച്ചുവെന്ന പരാതിയുമായി ഹൈക്കോടതിയെ സമീപിച്ച വ്യക്തി സമർപ്പിച്ച ബോണ്ടിന്റെ ആധികാരികതയെക്കുറിച്ചും ബിഎൽഎം സൊസൈറ്റി സംശയം ഉന്നയിച്ചിട്ടുണ്ട്. ബന്ധപ്പെട്ട ബോണ്ടിൻ്റെ ഒറിജിനൽ തിരുവനന്തപുരം സ്വദേശിയായ വിനോദ് കുമാറിന്റെ പേരിലുള്ളതാണെന്നും പരാതിക്കാരൻ്റെ പക്കലുള്ളത് ഫോട്ടോസ്റ്റാറ്റ് പകർപ്പാണെന്നുമാണ് അദ്ദേഹത്തിൻ്റെ വാദം. മൂന്ന് ലക്ഷം രൂപയുടെ പരാതിയുമായി ബന്ധപ്പെട്ട് വലിയ തുക ഫീസായി വാങ്ങുന്ന അഭിഭാഷകനെ ഏർപ്പെടുത്തിയതിനു പിന്നിലെ സാമ്പത്തിക സ്രോതസ്സും അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സൊസൈറ്റിയിൽനിന്ന് സാമ്പത്തിക ക്രമക്കേടുകളുടെ പേരിൽ പുറത്താക്കപ്പെട്ടവരാണ് പരാതിക്കാരിൽ ചിലരെന്നും അദ്ദേഹം ആരോപിച്ചു. സോണിയ സെബാസ്റ്റ്യൻ എന്ന മുൻ അംഗത്തിനെതിരെ BLM സൊസൈറ്റിയുടെ പരാതിയിൽ കോഴിക്കോട് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും എറണാകുളം സ്വദേശിയായ ഒരാളിൽനിന്ന് സൊസൈറ്റിയുടെ പേര് ഉപയോഗിച്ച് 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ അവർ ജയിൽവാസം അനുഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ജാമ്യാപേക്ഷകൾ ഹൈക്കോടതി തള്ളിയെന്നും കൂട്ടുപ്രതിയായ അലക്സ് ചിഞ്ചു സൊസൈറ്റിക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഈ ആരോപണങ്ങളിൽ സ്വതന്ത്രമായ സ്ഥിരീകരണം ലഭ്യമായിട്ടില്ല.
സോഷ്യൽ മീഡിയയിലൂടെയും യൂട്യൂബ് ചാനലുകളിലൂടെയും സൊസൈറ്റിക്കെതിരെ ആശങ്ക സൃഷ്ടിക്കുന്ന പ്രചാരണം നടക്കുന്നുവെന്നും ഇതിന് പിന്നിൽ സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്നും ബിഎൽഎം സൊസൈറ്റി ആരോപിച്ചു. ‘മറുനാടൻ മലയാളി’ ചാനലിലെ സാജൻ സക്കറിയക്കെതിരെ മദ്രാസ് ഹൈക്കോടതി കഴിഞ്ഞ 29-ന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. സൊസൈറ്റിക്കെതിരായ വാർത്തകൾ നൽകുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്നും വീഡിയോകൾ നീക്കം ചെയ്യണമെന്നും കോടതി നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ഉത്തരവ് പാലിക്കാത്തത് എന്തുകൊണ്ടാണെന്നുംബിഎൽഎം സൊസൈറ്റി ചോദിച്ചു.
BLM സൊസൈറ്റിക്ക് കേരളത്തിൽ 147 ബ്രാഞ്ചുകളുണ്ടെന്നും ഓരോ ബ്രാഞ്ചിലും 250 മുതൽ 300 വരെ പേർ ജോലി ചെയ്യുന്നുണ്ടെന്നും പ്രതിനിധി വ്യക്തമാക്കി. ഏകദേശം അമ്പതിനായിരത്തോളം പേർ നേരിട്ട് തൊഴിലെടുക്കുന്നുണ്ടെന്നും രണ്ട് ലക്ഷത്തോളം പേർ നിക്ഷേപങ്ങളുടെ ഡിവിഡന്റ് ഉപയോഗിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. അഞ്ച് ലക്ഷത്തോളം സജീവ അംഗങ്ങളുണ്ടെന്നും ഇവരിൽ ആരും നിക്ഷേപത്തുക തിരികെ ലഭിച്ചില്ലെന്ന് പരാതിപ്പെട്ടിട്ടില്ല.
സൊസൈറ്റിക്കെതിരായ ഫണ്ട് തിരിമറി ആരോപണങ്ങൾക്കും മുൻ ചെയർമാൻ കുടുംബാംഗങ്ങളുടെ പേരിൽ സ്വത്തുക്കൾ സമ്പാദിച്ചെന്ന ആരോപണങ്ങൾക്കും മറുപടി നൽകിക്കൊണ്ട്, നിക്ഷേപമായി സ്വീകരിച്ച പണം ആസ്തികളായി നിലനിൽക്കുന്നുണ്ടെന്നാണ് പ്രതിനിധി അവകാശപ്പെട്ടത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ കുറ്റകരമായ വസ്തുക്കൾ കണ്ടെത്തിയിട്ടില്ലെന്നും പിടിച്ചെടുത്ത ആസ്തികൾ BLM-ന്റെ ഫണ്ടുപയോഗിച്ച് സമ്പാദിച്ചതാണെന്നും ബിഎൽഎം പ്രതിനിധി വിശദീകരിച്ചു.
സൊസൈറ്റിയുടെ സ്ഥാപക ചെയർമാൻ ആർ. പ്രേംകുമാറിനെതിരായ ആരോപണങ്ങളിൽ അന്വേഷണം നടത്തുന്നതിന് സൊസൈറ്റി സഹകരിക്കുമെന്നും കുറ്റക്കാരനാണോ അല്ലയോ എന്ന് കോടതി തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അതിന്റെ പേരിൽ സൊസൈറ്റിയെയും അതിനെ ആശ്രയിച്ച് കഴിയുന്ന തൊഴിലാളികളെയും കുടുംബങ്ങളെയും പ്രതിസന്ധിയിലാക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
സൊസൈറ്റിക്കെതിരായ ആരോപണങ്ങളിൽ നിഷ്പക്ഷവും നീതിയുക്തവുമായ അന്വേഷണം വേണമെന്നും ഗൂഢാലോചനയുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്നും കേരള സർക്കാരിനോട് പ്രതിനിധി ആവശ്യപ്പെട്ടു. നിക്ഷേപകരുടെ ആശങ്കകൾ പരിഹരിക്കാനും സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച യാഥാർത്ഥ്യം പുറത്തുകൊണ്ടുവരാനും സർക്കാർ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.





