ന്യൂഡൽഹി: ഭരണഘടനാ ദിനത്തോടനുബന്ധിച്ച് ഡോ. അംബേദ്കർ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ നവംബർ 26ന് ന്യൂഡൽഹിയിലെ ഡോ. അംബേദ്കർ ഇൻ്റർനാഷണൽ സെൻ്ററിൽ ആഘോഷപരിപാടികൾ സംഘടിപ്പിക്കും. കേന്ദ്ര സാമൂഹികനീതി, ശാക്തീകരണ മന്ത്രി വീരേന്ദ്ര കുമാർ മുഖ്യാതിഥിയായി പങ്കെടുക്കും.
മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് യു.യു. ലളിത് ഭരണഘടനയുടെ ആമുഖം വായിക്കുകയും ‘ഭരണഘടനാ ഭരണം, ഡോ. ബി.ആർ. അംബേദ്കറുടെ പൈതൃകം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയും ചെയ്യും.
കേന്ദ്ര സാമൂഹികനീതി, ശാക്തീകരണ സഹമന്ത്രിമാരായ രാംദാസ് അത്താവാലെ, ബി.എൽ. വർമ്മ എന്നിവരും ചടങ്ങിൽ സംസാരിക്കും. മന്ത്രാലയം സെക്രട്ടറി സുധാൻഷ് പന്തും പരിപാടിയിൽ പങ്കെടുക്കും.
സാമൂഹികനീതി, ശാക്തീകരണ മന്ത്രാലയത്തിന് കീഴിൽ സംഘടിപ്പിക്കുന്ന പരിപാടി 1949 നവംബർ 26ന് ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിന്റെ ഓർമ പുതുക്കുന്നതിനാണ്. ഭരണഘടനയുടെ കരട് സമിതി അധ്യക്ഷനായിരുന്ന ഡോ. ബി.ആർ. അംബേദ്കറുടെ സംഭാവനകളും രാജ്യത്തിന്റെ ഭരണഘടനാപരവും ജനാധിപത്യപരവുമായ അടിത്തറ രൂപപ്പെടുത്തുന്നതിൽ അദ്ദേഹം വഹിച്ച പങ്കും ചടങ്ങിൽ അനുസ്മരിക്കും.





