തിരുവനന്തപുരം: പുതിയ സ്‌കൂൾ വർഷത്തിന്റെ പ്രവർത്തനങ്ങൾക്കായി സംസ്ഥാനത്ത് ഒരുക്കങ്ങൾ ശക്തമായി പുരോഗമിക്കുന്നതിനിടെ, സ്കൂൾ തുടക്കം മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രവർത്തന പുരോഗതി വിലയിരുത്തി.
ആലപ്പുഴ കലവൂർ ഹയർ സെക്കൻഡറി സ്‌കൂളിൽ ജൂൺ 2ന് നടക്കുന്ന സംസ്ഥാനപ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. അതേ ദിവസം എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവങ്ങൾ നടത്താനാണ് തീരുമാനം.
സ്‌കൂൾ തുറക്കും മുൻപ് തന്നെ എല്ലാ സ്‌കൂളുകളുടെയും ഫിറ്റ്നസ് പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകി. സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഘടകങ്ങൾ ഉൾച്ചേർന്ന് നവീകരിച്ച അക്കാദമിക്ക് മാസ്റ്റർ പ്ലാൻ ജൂൺ 15 നകം പൂർത്തികരിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശം നൽകി.
സ്‌കൂൾ ബസുകൾക്കും കുട്ടികളെ എത്തിക്കുന്ന സ്വകാര്യ വാഹനങ്ങൾക്കും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഉറപ്പ് വരുത്തണം. ഇതോടൊപ്പം ഡ്രൈവർമാർക്ക് ബോധവൽകരണവും നൽകണം. പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാവണം സ്‌കൂൾ വാഹനങ്ങളിലെ ജീവനക്കാരെ നിയമിക്കേണ്ടത്.
സ്‌കൂൾ പരിസരത്ത് ട്രാഫിക്ക് പോലീസിന്റെ സേവനം ഉറപ്പാക്കണം. സ്‌കൂൾ തുറക്കും മുൻപ് കാടുകൾ വെട്ടിത്തെളിച്ച് ശുചീകരണ നടപടികൾ പൂർത്തീകരിക്കണം. പാചകപ്പുര, ശുചിമുറി, കൈകഴുകുന്ന സ്ഥലം എന്നിവ വൃത്തിയുള്ളതായിരിക്കണം. ബെഞ്ച് , ഡസ്‌ക് എന്നിവ ഉപയോഗയോഗ്യമാക്കണം.
സ്‌കൂൾ പരിസരത്തെ അപകട ഭീഷണിയുള്ള മരങ്ങളും മരച്ചില്ലകളും വെട്ടി മാറ്റണം. കുടിവെള്ള സ്രോതസ്സുകൾ വൃത്തിയാക്കി ശുദ്ധമായ കുടിവെള്ളം ഉറപ്പ് വരുത്തണം. റെയിൽവേ ക്രോസിന് സമീപത്തെ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് അപകടകരഹിതമായി ട്രാക്ക് മുറിച്ചു കടക്കാനുള്ള സംവിധാനം ഏർപ്പെടുത്തണം. മെന്റർ ടീച്ചർമാരെ സ്‌കൂൾ തുറക്കും മുൻപ് നിയമിക്കണം. പാഠപുസ്തകങ്ങൾ യൂണിഫോം എന്നിവ എല്ലാ വിദ്യാർത്ഥികളുടെ പക്കലും എത്തി എന്ന് ഉറപ്പാക്കണം.





