മനുഷ്യൻ്റെ ബോധമണ്ഡലം ഉണർന്നതുമുതൽ അവൻ ചോദിക്കാൻ തുടങ്ങിയ ചോദ്യങ്ങളാണ് ഈ പ്രപഞ്ചത്തിൻ്റെ ഉത്ഭവത്തെയും അതിൻ്റെ ഘടനയെയും കുറിച്ചുള്ളത്. ഞാൻ ആരാണ്, ഈ കാണുന്ന പ്രപഞ്ചം എങ്ങനെ ഉണ്ടായി, ഇതിനെ നിയന്ത്രിക്കുന്ന അദൃശ്യമായ എന്തെങ്കിലും ശക്തിയുണ്ടോ എന്നീ ചോദ്യങ്ങൾ മനുഷ്യനെ രണ്ട് വ്യത്യസ്ത വഴികളിലേക്ക് നയിച്ചു. ഒന്ന് പരീക്ഷണ നിരീക്ഷണങ്ങളിലൂടെയും യുക്തിയിലൂടെയും ബാഹ്യലോകത്തെ അളക്കാൻ ശ്രമിച്ച ഭൗതികശാസ്ത്രത്തിൻ്റെ വഴി. രണ്ട്, അന്തർമുഖമായ ധ്യാനത്തിലൂടെയും അനുഭവങ്ങളിലൂടെയും ആന്തരികലോകത്തെ അറിയാൻ ശ്രമിച്ച ആത്മീയതയുടെ വഴി. നൂറ്റാണ്ടുകളോളം ഈ രണ്ട് വഴികളും പരസ്പരം വിരുദ്ധ ചേരികളിലായാണ് നിലകൊണ്ടിരുന്നത്. എന്നാൽ ആധുനിക കോസ്മോളജിയും ക്വാണ്ടം ഫിസിക്സും പ്രപഞ്ചത്തിൻ്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്നപ്പോൾ ശാസ്ത്രം എത്തിച്ചേർന്ന ചില കണ്ടെത്തലുകൾ, കാലങ്ങളായി ആത്മീയത പറഞ്ഞുപോന്ന പല തത്ത്വങ്ങളോടും അതിശയകരമാംവിധം അടുത്തുനിൽക്കുന്നതായി കാണാം. നാം കാണുന്ന പ്രപഞ്ചം വെറും അഞ്ചു ശതമാനം മാത്രമാണെന്നും ബാക്കി തൊണ്ണൂറ്റഞ്ചു ശതമാനവും നമുക്ക് അജ്ഞാതമായ ഒരിരുണ്ട ലോകമാണെന്നുമുള്ള ശാസ്ത്രത്തിൻ്റെ തിരിച്ചറിവ് ഈ സമന്വയത്തിൻ്റെ ഏറ്റവും വലിയ തെളിവാണ്.
മനുഷ്യൻ തൻ്റെ നഗ്നനേത്രങ്ങൾ കൊണ്ടും ആധുനിക ദൂരദർശിനികൾ ഉപയോഗിച്ചും നിരീക്ഷിക്കുന്ന പ്രപഞ്ചഭാഗമാണ് വിസിബിൾ യൂനിവേഴ്സ് അഥവാ നിരീക്ഷിക്കാവുന്ന പ്രപഞ്ചം. കോടിക്കണക്കിന് നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ, നമ്മൾ ജീവിക്കുന്ന ആകാശഗംഗ ഉൾപ്പെടെയുള്ള കോടിക്കണക്കിന് ഗാലക്സികൾ, പ്രകാശവർഷങ്ങൾ അകലെയുള്ള വാതകപടലങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. ഭൗതികശാസ്ത്രത്തിൽ ഇതിനെ ബാരിയോണിക് മാറ്റർ അഥവാ സാധാരണ ദ്രവ്യം എന്ന് വിളിക്കുന്നു. ഇവയ്ക്ക് പ്രകാശത്തോട് പ്രതിപ്രവർത്തിക്കാൻ കഴിയും. അതായത്, ഇവ പ്രകാശത്തെ പുറത്തുവിടുകയോ, ആഗിരണം ചെയ്യുകയോ, പ്രതിഫലിപ്പിക്കുകയോ ചെയ്യുന്നു. പ്രപഞ്ചത്തിൻ്റെ ഈ ഭാഗത്തെ അളക്കാനും പഠിക്കാനും മനുഷ്യന് വലിയൊരു പരിധിവരെ സാധിച്ചിട്ടുണ്ട്. ഈ വിസിബിൾ യൂനിവേഴ്സിൻ്റെ വ്യാസം ഏകദേശം 93 ബില്യൺ പ്രകാശവർഷമാണെന്ന് ശാസ്ത്രം കണക്കാക്കുന്നു. എന്നാൽ, ആധുനിക ശാസ്ത്രത്തിൻ്റെ ഏറ്റവും വലിയ വിനയം എന്തെന്നാൽ, ഇത്രയും വിശാലവും കോടിക്കണക്കിന് ഗാലക്സികൾ നിറഞ്ഞതുമായ ഈ വിസിബിൾ യൂനിവേഴ്സ്, യഥാർത്ഥ പ്രപഞ്ചത്തിൻ്റെ വെറും അഞ്ച് ശതമാനം മാത്രമാണ് എന്ന് അത് സമ്മതിക്കുന്നു എന്നതാണ്. നാം കാണുന്ന പ്രൗഢമായ ആകാശം പ്രപഞ്ചമെന്ന മഹാസമുദ്രത്തിലെ വെറുമൊരു ജലബിന്ദു മാത്രമാണ്.
ഈ വിസിബിൾ യൂനിവേഴ്സിൻ്റെ അതിശയകരമായ വ്യാപ്തി ഒരൊറ്റ ഫ്രെയിമിൽ കാട്ടിത്തരുന്ന ശാസ്ത്രീയമായ ഒരു മാസ്റ്റർപീസാണ് ലോഗരിത്മിക് മാപ്പ് ഓഫ് ദി യൂണിവേഴ്സ്. പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയുടെ ശാസ്ത്രീയ വിവരങ്ങളും നാസയുടെ സാറ്റലൈറ്റ് ചിത്രങ്ങളും അടിസ്ഥാനമാക്കി തയ്യാറാക്കിയ ഈ ഭൂപടം, നമ്മൾ ജീവിക്കുന്ന ഭൂമിയിൽ നിന്ന് തുടങ്ങി പ്രപഞ്ചത്തിൻ്റെ ഏറ്റവും പുറം അതിർത്തിയായ ബിഗ് ബാങ് വരെയുള്ള മുഴുവൻ ദൃശ്യങ്ങളെയും ക്രമാനുഗതമായി ചുരുക്കി കാണിക്കുന്നു. ഈ ചിത്രത്തിൻ്റെ ഏറ്റവും താഴത്തെ തട്ടിൽ നാം ജീവിക്കുന്ന ഭൂമിയെയും അതിൻ്റെ അന്തരീക്ഷ പാളികളെയും കാണാം. അതിനൊപ്പം മനുഷ്യൻ വിക്ഷേപിച്ച കൃത്രിമ ഉപഗ്രഹങ്ങളും അന്താരാഷ്ട്ര ബഹിരാകാശ നിലയവും നിലകൊള്ളുന്നു. അവിടെനിന്ന് അല്പം കൂടി മുകളിലേക്ക് നോക്കുമ്പോൾ സൗരയൂഥത്തിൻ്റെ കേന്ദ്രമായ സൂര്യനും അതിനെ വലംവെക്കുന്ന ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വാ, വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യൂൺ എന്നീ ഗ്രഹങ്ങളും ദൃശ്യമാകും. അതിനപ്പുറം സൗരയൂഥത്തിൻ്റെ അതിർത്തികളായ കൈപ്പർ ബെൽറ്റും, മനുഷ്യനിർമ്മിത പേടകങ്ങളായ വോയേജർ ഉപഗ്രഹങ്ങളും, വാൽ നക്ഷത്രങ്ങളുടെ ജന്മഗൃഹമായ ഊർട്ട് ക്ലൗഡും ഒരു വലിയ വളയമായി ചിത്രീകരിച്ചിരിക്കുന്നു.
സൗരയൂഥവും കടന്ന് മുകളിലേക്ക് പോകുമ്പോൾ രാത്രി ആകാശത്ത് നമ്മൾ കാണുന്ന ആൽഫാ സെൻ്റോറി, സിറിയസ് തുടങ്ങിയ നക്ഷത്രങ്ങളുടെ കൂട്ടമായി. അവയ്ക്കും മുകളിലാണ് പ്രപഞ്ചത്തിലെ നമ്മുടെ വിലാസമായ മിൽക്കി വേ ഗാലക്സി അഥവാ ആകാശഗംഗ സ്ഥിതി ചെയ്യുന്നത്. കോടിക്കണക്കിന് നക്ഷത്രങ്ങൾ കറങ്ങിത്തിരിയുന്ന ഈ കൂറ്റൻ സർപ്പിള ഘടനയുടെ ഒരറ്റത്തുള്ള ചെറിയൊരു ബിന്ദു മാത്രമാണ് നമ്മുടെ സൂര്യനെന്ന് ഓർക്കുമ്പോഴാണ് പ്രപഞ്ചത്തിൻ്റെ വലിപ്പം നമ്മെ അത്ഭുതപ്പെടുത്തുക. ഈ മിൽക്കി വേയ്ക്ക് മുകളിലായി നമ്മുടെ അയൽ ഗാലക്സിയായ ആൻഡ്രോമീഡ ഉൾപ്പെടെയുള്ള കോടിക്കണക്കിന് മറ്റ് ഗാലക്സികൾ പ്രപഞ്ചത്തിൽ ചിതറിക്കിടക്കുന്നു. ഈ ഗാലക്സികളെല്ലാം ചേർന്ന് മുകളിലേക്ക് പോകുന്തോറും ഒരു വലിയ വലക്കണ്ണ് പോലെ രൂപപ്പെടുന്നു. ഇതിനെയാണ് ശാസ്ത്രം കോസ്മിക് വെബ് എന്ന് വിളിക്കുന്നത്. ഈ ചിത്രത്തിൻ്റെ ഏറ്റവും മുകളിലത്തെ അതിരിൽ കാണുന്ന ചുവപ്പും ഓറഞ്ചും കലർന്ന പാളി കോസ്മിക് മൈക്രോവേവ് ബാക്ക്ഗ്രൗണ്ട് ആണ്, അതായത് ബിഗ് ബാങ്ങിന് തൊട്ടുപിന്നാലെ ഉണ്ടായ ആദിമ പ്രകാശത്തിൻ്റെ അവശിഷ്ടം. അതിനും മുകളിലായി പ്രപഞ്ചത്തിൻ്റെ ആത്യന്തികമായ തുടക്കമായ ബിഗ് ബാങ് അടയാളപ്പെടുത്തിയിരിക്കുന്നു.
എന്നാൽ ഈ ചിത്രത്തിൽ കാണുന്ന സകല നക്ഷത്രങ്ങളും ഗാലക്സികളും കോസ്മിക് വെബും എല്ലാം ചേർന്ന് വെറും അഞ്ച് ശതമാനം മാത്രമാണ് എന്നതാണ് യാഥാർത്ഥ്യം. പ്രപഞ്ചത്തിൻ്റെ അവശേഷിക്കുന്ന 95 ശതമാനത്തെയാണ് ശാസ്ത്രം ഡാർക്ക് യൂനിവേഴ്സ് എന്ന് വിളിക്കുന്നത്. ശാസ്ത്രത്തിൻ്റെ ഭാഷയിൽ ഡാർക്ക് എന്നാൽ ഇരുണ്ടതോ തിന്മ നിറഞ്ഞതോ ആയ ഒന്നല്ല, മറിച്ച് നമുക്ക് ഇനിയും വെളിച്ചം വീഴ്ത്തി അറിയാൻ കഴിഞ്ഞിട്ടില്ലാത്തത് എന്നാണ് അർത്ഥം. ഇതിനെ ശാസ്ത്രജ്ഞർ ഡാർക്ക് മാറ്റർ എന്നും ഡാർക്ക് എനർജി എന്നും രണ്ടായി തരംതിരിച്ചിരിക്കുന്നു. പ്രപഞ്ചത്തിൻ്റെ ഏകദേശം 27 ശതമാനം ഭാഗം ഡാർക്ക് മാറ്റർ ആണ്. ഇതിന് പ്രകാശവുമായി യാതൊരു ബന്ധവുമില്ലാത്തതിനാൽ ഒരു ക്യാമറയിലോ ടെലിസ്കോപ്പിലോ ഇതിനെ ദർശിക്കാൻ സാധ്യമല്ല. എന്നാൽ ഇതിന് ശക്തമായ ഗുരുത്വാകർഷണ ബലമുണ്ട്. ഗാലക്സികൾ ഭ്രാന്തമായ വേഗതയിൽ കറങ്ങുമ്പോൾ അവ ചിതറിപ്പോകാതെ ഒരു കാന്തം പോലെ അവയെ കോർത്തുപിടിക്കുന്നത് ഈ ഡാർക്ക് മാറ്ററിൻ്റെ ഗുരുത്വാകർഷണമാണ്. നമ്മൾ കാണുന്ന ദ്രവ്യത്തെ മുഴുവൻ താങ്ങിനിർത്തുന്ന ഒരു അദൃശ്യമായ അസ്ഥികൂടമാണ് ഡാർക്ക് മാറ്റർ.
പ്രപഞ്ചത്തിൻ്റെ സിംഹഭാഗവും, അതായത് ഏകദേശം 68 ശതമാനവും ഡാർക്ക് എനർജി ആണ്. പ്രപഞ്ചം വികസിക്കുക മാത്രമല്ല, അതിൻ്റെ വികാസത്തിൻ്റെ വേഗത ഓരോ നിമിഷവും കൂടിക്കൂടി വരികയാണെന്ന് ശാസ്ത്രം കണ്ടെത്തി. ഗുരുത്വാകർഷണത്തിന് വിപരീതമായി പ്രവർത്തിക്കുന്ന, പ്രപഞ്ചത്തെ ഒന്നിനൊന്ന് അകറ്റിക്കൊണ്ടിരിക്കുന്ന ഈ വികർഷണ ഊർജ്ജത്തെയാണ് ശാസ്ത്രം ഡാർക്ക് എനർജി എന്ന് വിളിക്കുന്നത്. പ്രപഞ്ചത്തിൻ്റെ എല്ലാ കോണുകളിലും നിറഞ്ഞുനിൽക്കുന്ന ഒരു പരമമായ ഊർജ്ജമാണിത്. ശാസ്ത്രം കണ്ടെത്തിയ ഈ 95 ശതമാനം അദൃശ്യപ്രപഞ്ചം ആത്മീയത നൂറ്റാണ്ടുകളായി പറഞ്ഞുപോരുന്ന ദൈവസങ്കല്പത്തോട് ഏറെ അടുത്തുനിൽക്കുന്നു. പ്രപഞ്ചത്തിൻ്റെ കേന്ദ്രം ഈ അദൃശ്യശക്തിയാണെന്ന ചിന്തയ്ക്ക് വലിയ തത്വശാസ്ത്രപരമായ അടിത്തറയുണ്ട്. ഭാരതീയ ഉപനിഷത്തുകളിലും വേദാന്തത്തിലും ബ്രഹ്മം അല്ലെങ്കിൽ പരമാത്മാവ് എന്ന സങ്കല്പത്തെ വിവരിക്കുന്നത് അദൃശ്യനായ, ഇന്ദ്രിയങ്ങൾക്ക് ഗോചരമല്ലാത്ത, എന്നാൽ പ്രപഞ്ചത്തിലെ സർവ്വ ചരാചരങ്ങളെയും താങ്ങിനിർത്തുന്നതും നയിക്കുന്നതുമായ ഒരു പരമചൈതന്യം എന്നാണ്. ഡാർക്ക് മാറ്റർ എങ്ങനെയാണോ ഗാലക്സികളെ ചിതറിപ്പോകാതെ കാത്തുസൂക്ഷിക്കുന്നത്, അതുപോലെ തന്നെയാണ് പ്രപഞ്ചത്തെ നിലനിർത്തുന്ന ഈശ്വരീയ നിയമം എന്ന് ആത്മീയത വ്യക്തമാക്കുന്നു.
പ്രപഞ്ചത്തിൻ്റെ എല്ലാ ശൂന്യതകളിലും നിറഞ്ഞുനിൽക്കുന്ന ഡാർക്ക് എനർജി, ആത്മീയത പറയുന്ന തൂണിലും തുരുമ്പിലും ഇരിക്കുന്ന സർവ്വവ്യാപിയായ ദൈവചൈതന്യത്തിന്റെ ശാസ്ത്രീയമായ മറ്റൊരു പേരാണെന്ന് വ്യാഖ്യാനിക്കാം. നമ്മൾ കാണുന്ന 5 ശതമാനം വരുന്ന ഭൗതികലോകം കേവലം മായയോ മിഥ്യയോ ആണെന്നും, അതിനപ്പുറമുള്ള അദൃശ്യമായ സത്യമാണ് പരമമെന്നും ഉള്ള തത്ത്വചിന്താപരമായ കണ്ടെത്തലിലേക്ക് തന്നെയാണ് ഡാർക്ക് യൂനിവേഴ്സിലൂടെ ആധുനിക കോസ്മോളജിയും വിരൽചൂണ്ടുന്നത്. മനുഷ്യൻ പ്രകൃതിയെ അറിയുന്നത് അവൻ്റെ അഞ്ച് ഇന്ദ്രിയങ്ങളിലൂടെയാണ്. എന്നാൽ നമ്മുടെ കണ്ണുകൾക്ക് കാണാൻ കഴിയുന്ന പ്രകാശ തരംഗങ്ങൾ വളരെ പരിമിതമാണ്. അൾട്രാവയലറ്റ് രശ്മികളോ ഇൻഫ്രാറെഡ് രശ്മികളോ എക്സ്-റേകളോ നമ്മുടെ നഗ്നനേത്രങ്ങൾക്ക് കാണാൻ കഴിയില്ല. ഉപകരണങ്ങളുടെ സഹായത്തോടെയാണ് നാം അവയെ മനസ്സിലാക്കുന്നത്. എന്നാൽ ഡാർക്ക് യൂനിവേഴ്സിന്റെ കാര്യത്തിൽ നമ്മുടെ ഏറ്റവും മികച്ച ഉപകരണങ്ങൾ പോലും പരാജയപ്പെടുന്നു. ഇവിടെയാണ് ആത്മീയതയുടെ പ്രസക്തി.
ബാഹ്യമായ ഉപകരണങ്ങൾ കൊണ്ട് അളക്കാൻ കഴിയാത്ത പ്രപഞ്ചസത്യങ്ങളെ, ആന്തരികമായ ബോധത്തിലൂടെ അറിയാൻ സാധിക്കുമെന്ന് പുരാതന ഋഷിമാരും സൂഫികളും തത്ത്വചിന്തകരും വിശ്വസിച്ചിരുന്നു. ധ്യാനത്തിലൂടെയും ആത്മപരിശോധനയിലൂടെയും മനുഷ്യൻ പ്രപഞ്ചത്തിൻ്റെ ആ 95 ശതമാനം വരുന്ന അദൃശ്യമായ ചൈതന്യത്തിലേക്ക് അല്ലെങ്കിൽ ദൈവകേന്ദ്രത്തിലേക്ക് ലയിക്കുകയാണ് ചെയ്യുന്നത്. ശാസ്ത്രം പ്രപഞ്ചത്തിന്റെ ബാഹ്യരൂപത്തെ പഠിക്കുമ്പോൾ ആത്മീയത അതിന്റെ ആന്തരികസത്തയെ അറിയാൻ ശ്രമിക്കുന്നു. ശാസ്ത്രത്തിന് ഇനിയും പൂർണ്ണമായി നിർവ്വചിക്കാൻ കഴിയാത്ത പ്രപഞ്ചത്തിൻ്റെ ആ 95 ശതമാനം നിഗൂഢതകളെ ഭക്തിയോടെയും ആദരവോടെയും ദൈവത്തിന്റെ കേന്ദ്രം എന്ന് ആത്മീയ മനസ്സ് വിളിക്കുന്നു. ശാസ്ത്രവും ആത്മീയതയും പരസ്പര വിരുദ്ധമല്ല, മറിച്ച് ഒരേ സത്യത്തെ രണ്ട് കോണുകളിൽ നിന്ന് നോക്കിക്കാണുന്നവയാണ്. ശാസ്ത്രത്തിന്റെ അന്വേഷണങ്ങൾ അവസാനിക്കുന്നിടത്ത് ആത്മീയതയുടെ ദർശനങ്ങൾ ആരംഭിക്കുന്നു. മനുഷ്യൻ പ്രപഞ്ചത്തെക്കുറിച്ചുള്ള അറിവിൽ എത്രത്തോളം മുന്നേറുന്നുവോ, അത്രത്തോളം അവൻ പ്രപഞ്ചത്തിന്റെ അദൃശ്യമായ ആ മഹാസത്യത്തിന് മുന്നിൽ വിനയാന്വിതനായി നിൽക്കേണ്ടി വരും. ആ അദൃശ്യ ചൈതന്യത്തെ നമുക്ക് ഡാർക്ക് എനർജി എന്നോ ദൈവിക ചൈതന്യം എന്നോ വിളിക്കാം; പേര് എന്തുതന്നെയായാലും അത് പ്രപഞ്ചത്തെ നയിക്കുന്ന പരമമായ സത്യം തന്നെയാണ്.





