ന്യൂഡൽഹി: നിലവിലെ ‘സൂപ്പർ എൽ നിനോ’ പ്രതിഭാസത്തെ തുടർന്ന് അടുത്ത ആറ് മാസത്തിനിടെ ലോകത്ത് സാധാരണയേക്കാൾ 4.51 ലക്ഷം അധിക ചൂട് സംബന്ധമായ മരണങ്ങൾ ഉണ്ടായേക്കാമെന്ന് ചിക്കാഗോ സർവകലാശാലയിലെ എനർജി പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനം.
ഇന്ത്യയിൽ ഇതേ കാലയളവിൽ ഏകദേശം 15,800 അധിക ചൂട് സംബന്ധമായ മരണങ്ങൾ ഉണ്ടായേക്കുമെന്നും പഠനം കണക്കാക്കുന്നു.
കാലാവസ്ഥാ താപനില പ്രവചനങ്ങളും താപനിലയും മരണനിരക്കും തമ്മിലുള്ള ബന്ധവുമാണ് കണക്കുകൂട്ടലിനായി ഉപയോഗിച്ചതെന്ന് പഠനത്തിന്റെ സഹരചയിതാവ് എമിലി ഗ്രോവർ-കോപ്പെക് പറഞ്ഞു.
യൂറോപ്യൻ സെന്റർ ഫോർ മീഡിയം-റേഞ്ച് വെതർ ഫോർകാസ്റ്റ്സിന്റെ ECMWF SEAS5 സീസണൽ പ്രവചനങ്ങളാണ് പഠനത്തിൽ ഉപയോഗിച്ചതെന്നും അവർ വ്യക്തമാക്കി.





