Kerala News

ചിറങ്ങര റെയില്‍വെ മേല്‍പ്പാലം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടി മണ്ഡലത്തിലെ കൊരട്ടി-ബസാര്‍ റോഡിലെ ലെവല്‍ ക്രോസ്സ് നം.56 ലെ ജനങ്ങളുടെ യാത്ര ദുരിതത്തിന് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിലേയ്ക്കായി നിര്‍മ്മിച്ച ചിറങ്ങര റെയില്‍വേ മേല്‍പ്പാലം ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു. കേരള സര്‍ക്കാരിന്റെ ലെവല്‍ ക്രോസ്റ്റ് ഇല്ലാത്ത കേരളം പദ്ധതിയില്‍ ആര്‍.ബി.ഡി.സി.കെ പൂര്‍ത്തിയാക്കുന്ന 6-ാമത്തെ മേല്‍പ്പാലമാണ് ചിറങ്ങര റെയില്‍വേ മേല്‍പ്പാലം. കേരളത്തിന്റെ റെയില്‍വെ മേല്‍പ്പാലങ്ങളുടെ കണക്ക് പരിശോധിച്ചാല്‍ റെയില്‍വെ ഓവര്‍ ബ്രഡ്ജ് ഒരു ഗവണ്‍മെന്റിന്റെ കാലത്ത് കൂടുതല്‍ എണ്ണം പൂര്‍ത്തീകരിക്കപ്പെടുന്നത് ഇപ്പോഴാണ്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്രയും ഓവര്‍ ബ്രിഡ്ജ് പ്രവര്‍ത്തികള്‍ ഈ ഗവര്‍മെന്റിന്റെ കാലയളവില്‍ പൂര്‍ത്തീകരിച്ചത്. പൂര്‍ത്തീകരിക്കേണ്ട 9 മേല്‍പ്പാലങ്ങള്‍ അടക്കം 16 മേല്‍പ്പാലങ്ങള്‍ ഉണ്ട്. ഇതിന് നേതൃത്വം കൊടുത്ത് ആര്‍.ബി.ഡി.സി.കെയാണ്. ആര്‍.ബി.ഡി.സി.കെ യുടെ എം.ഡി. സുഹാസിന്റെ നേതൃത്തില്‍ ഉദ്യോഗസ്ഥര്‍ ടീം ആയി സര്‍ക്കാര്‍ ഉദ്ദേശിച്ചതുപോലെ പ്രവര്‍ത്തിച്ചതിന് എല്ലാവരെയും പ്രത്യേകം അഭിനന്ദിക്കുന്നു. ഈ പദ്ധതിക്കവേണ്ടി 377 കോടി 69 ലക്ഷം രൂപയാണ് ഈ ഗവര്‍മെന്റ് അനുവദിച്ചിട്ടളളത്. 60 റയില്‍വെ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണത്തിനായി 2028 കോടി 16 ലക്ഷം രൂപയും ഈ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. കേരളത്തില്‍ ഒരു കാലത്തും ഇല്ലാത്ത നിലയില്‍ ഈ റെയില്‍വെ മേല്‍പ്പാലത്തിന് തുക അനുവദിച്ച കാലമാണ്. പശ്ചാത്തല വികസന മേഖലയില്‍ വലിയ മാറ്റം നമ്മുടെ സംസ്ഥാനത്ത് സൃഷ്ടിക്കപ്പെടുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. തടസ്സമില്ലാത്ത റോഡ് ശൃംഖല എന്ന കാഴ്ചപാടിന്റെ ഭാഗമായിട്ടാണ് ലെവല്‍ ക്രോസ് ഇല്ലാത്ത കേരളമെന്ന പദ്ധതിയ്ക്ക് രൂപം നല്‍കിയത്. 72 റെയില്‍വെ ഓവര്‍ ബ്രിഡ്ജുകള്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആര്‍.ബി.ഡി.സി.കെ വഴി മാത്രം നിര്‍മ്മിക്കുന്നു. 27 ആര്‍ഒബികള്‍ കംആര്‍ഡിസിഎല്‍നേയും ഏല്‍പ്പിച്ചു. ചില മേല്‍പ്പാലങ്ങള്‍ സംസ്ഥാന ഫണ്ട് വകയിരുത്തിയും നിര്‍മ്മിക്കുകയാണ്. സംസ്ഥാന ഫണ്ട് വകയിരുത്തി നിര്‍മ്മിക്കുന്നവയില്‍ കാഞ്ഞങ്ങാട്, ഫറോക്ക്, കാരിത്താസ്, തിരൂര്‍ എന്നിവ ഇപ്പോള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. മുളന്തുരുത്തി പൂര്‍ത്തീകരണ ഘട്ടത്തിലാണ്. കിഫ്ബി ഫണ്ട് വഴി നിര്‍മ്മിക്കുന്ന ഗുരുവായൂര്‍, മാളിയേക്കല്‍, ചിറങ്ങര എന്നിവ പൂര്‍ത്തീകരിച്ചു. 9 എണ്ണത്തിന്റെ പ്രവര്‍ത്തി തുടരുകയാണ്. 3 എണ്ണം ടെണ്ടര്‍ നടപടികള്‍ കടന്നു. മറ്റിടങ്ങളില്‍ സ്ഥലമേറ്റെടുപ്പ് നടപടികളുടെ പ്രവര്‍ത്തനം നടന്നുവരുന്നു. റെയില്‍വെയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിച്ച് പോകുകയാണ്. പരമാവധി റെയില്‍വെ ഓവര്‍ ബ്രിഡ്ജ് നിര്‍മ്മിച്ച് ഗതാഗത കുരുക്കുകളില്‍പ്പെടാതെ യാത്രകള്‍ സുഗമമാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ചിറങ്ങര റെയില്‍വേ മേല്‍പ്പാലം നിര്‍മ്മിക്കുന്നതിനായി കിഫ്ബി ഫണ്ടില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഭരണാനുമതി നല്‍കി. 2013-14 റെയില്‍വേ വര്‍ക്ക് പ്ലാനില്‍ ഉള്‍പ്പെടുത്തി. ഉത്തരവ് 19.96 കോടി രൂപ കിഫ്ബി അനുവദിക്കുകയും ചെയ്തു. തുടര്‍ന്ന് 23 ഭൂഉടമകളില്‍ നിന്നും 1.78 കോടി രൂപയ്ക്ക് 9.07 ആര്‍ ഭൂമി പദ്ധതിയ്ക്കായി ഏറ്റെടുത്തു.ചിറങ്ങര ഉള്‍പ്പടെ 10 ആര്‍.ഒ.ബി.കള്‍ക്കായി ആര്‍.ബി.ഡി.സി.കെ. ഇപിസി വ്യവസ്ഥയില്‍ 2020 ജൂണില്‍ ടെണ്ടര്‍ ക്ഷണിക്കുകയും ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ എസ്പില്‍ ഇന്‍ഫ്രസ്ട്രച്ചറുമായി നിര്‍മ്മാണ കരാര്‍ ഒപ്പിടുകയും ചെയ്തു. കിഫ്ബി നിര്‍ദ്ദേശ പ്രകാരം പദ്ധതിയുടെ പ്രോജക്ട് മാനേജ്മെന്റ് കണ്‍സള്‍ട്ടന്റായി റൈറ്റ്‌സ് എന്ന പൊതുമേഖല കമ്പനിയെ ചുമതലപ്പെടുത്തുകയും ചെയ്തു. റൈറ്റ്‌സ് പ്രൂഫ് ചെക്കിങ്ങ് നിര്‍വ്വഹിച്ച സ്ട്രക്ചര്‍ ഡിസൈന്‍ ഐ.ഐ.റ്റി യൂടെ വെറ്റിങ്ങിന് ശേഷം 2021 ആഗസ്റ്റിലാണ് നിര്‍മ്മാണം ആരംഭിച്ചത്. റെയില്‍വേ ഭാഗത്തിന്റെ നിര്‍മ്മാണ ചിലവ് ഒഴികെ ഏകദേശം 17.0 കോടി രൂപയാണ് പദ്ധതിയുടെ നിര്‍മ്മാണ ചിലവ്. കൊരട്ടി- ബസാര്‍ റോഡിലെ ലെവല്‍ ക്രോസ്സ് നം.56 ന് പകരമായ ചിറങ്ങര റെയില്‍വേ മേല്‍പ്പാലം 298 മീറ്റര്‍ നീളത്തിലും 2-ലെയിന്‍ റോഡും, ഫുട്ട്പാത്തും, ഉള്‍പ്പെടെ 10.15 മീറ്റര്‍ വീതിയിലുമാണ് നിര്‍മ്മിച്ചിട്ടുള്ളത്. സ്റ്റീല്‍ കോണ്‍ക്രീറ്റ് കോംപോസിറ്റ് സാങ്കേതിക വിദ്യയില്‍ കണ്ടിന്യൂയസ് സ്പാന്‍ സ്ട്രക്ചര്‍ മാതൃകയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ പാലത്തിന്റെ അപ്രോച്ച് ഭാഗത്ത് 25.5 മീറ്റര്‍ നീളമുള്ള മൂന്ന് സ്പാനുകളും, 17.95 മീറ്റര്‍ നീളമുളള രണ്ട് സ്പാനുകളും, 17.2 മീറ്റര്‍ നീളമുള്ള രണ്ട് സ്പാനുകളും, രണ്ട് എംബാങ്ക്‌മെന്റുകളും ആര്‍.ബി.ഡി.സി.കെ യാണ് നിര്‍മ്മിച്ചത്. 33.4 മീറ്റര്‍ നീളമുള്ള റെയില്‍വേ സ്പാന്റെ ഫൗണ്ടേഷന്‍, സബ് സ്ട്രക്ച്ചര്‍ (പിയര്‍, പിയര്‍ ക്യാപ്പ്) എന്നിവ ആര്‍.ബി.ഡി.സി.കെ യും ഫുട്ട്പാത്തോടുകൂടിയ സര്‍വ്വീസ് റോഡിന്റെയും നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്.സെന്‍ട്രലൈസ്ഡ് സോളാര്‍ പാനലുകളും ബാറ്ററികളും ഉപയോഗിച്ചുള്ള ലൈറ്റിങ്ങ് ആണ് പാലത്തിന് നല്‍കിയിട്ടുള്ളത്. കൂടാതെ പാലത്തിന്റെ അടിയിലുള്ള ഭാഗവും ഉപയോഗക്ഷമമാക്കിയിട്ടുണ്ട്.സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ബെന്നി ബഹനാന്‍ എം.പി, ആര്‍.ബി.ഡി.സി.കെ മാനേജിങ് ഡയറക്ടര്‍ എസ്. സുഹാസ്, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരുമഠത്തില്‍, കൊരട്ടി ഗ്രാമപരഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു, വൈസ് പ്രസിഡന്റ് ഷൈനി ഷാജി, ജില്ലാ പഞ്ചായത്ത് അംഗം ലീല സുബ്രഹ്മണ്യം തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *