Kerala News

മാലിന്യമുക്തം നവകേരളം: എല്ലാവരുടെയും പൂർണ്ണസഹകരണവും കൂട്ടായ ഇടപെടലും പ്രധാനമെന്ന് മുഖ്യമന്ത്രി

സമ്പൂർണ മാലിന്യനിർമാർജനം ഉറപ്പുവരുത്തുന്നതിനായി മാലിന്യമുക്തം നവകേരളം എന്ന ക്യാമ്പയിൻ ഇപ്പോൾ സജീവമായി മുന്നോട്ട് പോകുകയാണെന്നും അത് പൂർണ്ണമായും ഫലപ്രദമാകണമെങ്കിൽ സമൂഹത്തിലെ വിവിധ വിഭാഗം ജനങ്ങളുടെ സഹകരണം ഉണ്ടാകേണ്ടതത്യാവശ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മാലിന്യമുക്തം നവകേരളം ക്യാമ്പയിനുമായി ബന്ധപെട്ടു റെസിഡൻസ് അസോസിയേഷനുകൾ, തൊഴിലാളി യൂണിയനുകൾ, ജീവനക്കാരുടെ സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, എൻ.എസ്.എസ്., എൻ.സി.സി., എസ്.പി.സി., സ്‌കൗട്ട്‌സ് & ഗൈഡ്‌സ് തുടങ്ങിയവയുടെ പ്രതിനിധികളെ ഉൾപ്പെടുത്തി നടത്തിയ ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

എല്ലാവരുടെയും കൂട്ടായ ഇടപെടലിലൂടെ മാത്രമേ മാലിനിന്യപ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാൻ സാധിക്കുകയുള്ളൂ. നമ്മൾ വ്യക്തി ശുചിത്വത്തിന് വലിയ പ്രാധാന്യം കൊടുക്കുന്നവരാനാണ്. അതേ പ്രാധാന്യം തന്നെ പൊതു ശുചിത്വത്തിന് കൂടി കൊടുക്കേണ്ടതുണ്ട്. അത് നമ്മുടെ നാടിന്റെയും ഭാവി തലമുറകളുടെയും നിലനിൽപ്പിന് പ്രധാനമാണ്. ശുചിത്വം ഉറപ്പുവരുത്തുന്നത് വൃത്തിയും വെടിപ്പുമുള്ള പരിസങ്ങൾ സൃഷ്ടിക്കുന്നതിന് മാത്രമല്ല, ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കുന്നതിനും സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഉപകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതുകൊണ്ട് തന്നെ മാലിന്യമുക്തം നവകേരളം എന്ന ക്യാമ്പയിൻ ഏറെ പ്രാധാന്യത്തോടെ ഏറ്റെടുത്തു പൂർണ്ണതോതിൽ ജനകീയമാക്കേണ്ടതുണ്ട്.

ഗാന്ധി ജയന്തി ദിനമായ 2024 ഒക്ടോബർ 2 മുതൽ അന്തരാഷ്യ സീറോ വേസ്റ്റ് ദിനമായ 2025 മാർച്ച് 30 വരെയാണ് മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ സംഘടിപ്പിക്കാൻ തീരുമാനിച്ചത്. ലഭ്യമായ കണക്കനുസരിച്ചു രണ്ടു ലക്ഷത്തി നാൽപ്പതിനായിരത്തോളം പേർ സന്നദ്ധപ്രവർത്തനങ്ങളിൽ പങ്കെടുത്തതായാണ് റിപ്പോർട്ട്.

2025 മാർച്ച് അവസാനം സമ്പൂർണ ശുചിത്വ കേരളം പ്രഖ്യാപനം നടത്തണമെന്നുണ്ടെങ്കിൽ എല്ലാവരും നല്ലരീതിയിൽ സഹകരിച്ചു മുന്നേറേണ്ടതുണ്ട്. അതിന് റെസിഡന്റ്സ് അസോസിയേഷനുകളുടെയും തൊഴിലാളികളുടെയും ജീവനക്കാരുടെയും യുവാക്കളുടെയും വിദ്യാർദ്ധികളുടെയും വിദ്യാലയങ്ങളുടെയും സഹകരണവും പങ്കാളിതവും അനിവാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

റെസിഡന്റ്‌സ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ അതാത് അസോസിയേഷന്റെ പരിധിയിൽ വരുന്ന പൊതു ഇടങ്ങൾ അസോസിയേഷൻ അംഗങ്ങളുടെ പങ്കാളിത്തത്തോടെ ശുചീകരിക്കാൻ കഴിയും. സ്വകാര്യ പറമ്പുകൾ വൃത്തിയാക്കുന്നതതിന് അവയുടെ ഉടമകളെ പ്രേരിപ്പിക്കാനും അസോസിയേഷനുകൾക്ക് കഴിയും. എല്ലാ വീടുകളിലും മാലിന്യസംസ്‌ക്കരണ സംവിധാനങ്ങൾ ശാസ്ത്രീയമായി ഏർപ്പെടുത്തുന്നതിന് പ്രോത്സാഹനം നൽകാനും അസോസിയേഷനുകൾക്ക് കഴിയും.

തൊഴിലാളി സംഘടനകൾക്കും ജീവനക്കാരുടെ സംഘടനകൾക്കും അവരവരുടെ തൊഴിലിടങ്ങൾ മാലിന്യമുക്തമാകുന്നു എന്നുറപ്പുവരുത്താൻ കൂട്ടായ പ്രവർത്തനങ്ങൾ നടത്താൻ കഴിയും. ഇത്തരം പ്രവർത്തനങ്ങളിൽ യുവജനങ്ങളുടെയും സന്നദ്ധപ്രവർത്തകരുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്നത് ഏറെ പ്രയോജനപ്രദമാകും. സ്‌കൂളുകളുടെയും കലാലയങ്ങളുടെയും കാര്യത്തിലാകട്ടെ അധ്യാപകരുടെയും രക്ഷിതാക്കളുടെയും സംഘടനകളുടെ മേൽനോട്ടത്തിലും എൻ.എസ്.എസ്., എൻ.സി.സി., എസ്.പി.സി., സ്‌കൗട്ട്‌സ് & ഗൈഡ്‌സ് എന്നിവയുടെ ഒക്കെ സഹകരണത്തിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ കഴിയും.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് പ്രധാന അധ്യാപകരും, പ്രിൻസിപ്പൽമാരും നേതൃത്വം നൽകണം. ഈ വിധത്തിലുള്ള സമഗ്രമായ ഇടപെടലാണ് മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി നടത്താനുദ്ദേശിക്കുന്നത്. ക്യാമ്പയിന്റെ ഭാഗമായി അയൽക്കൂട്ടങ്ങൾ, ടൂറിസം കേന്ദ്രങ്ങൾ, ഓഫിസുകൾ, ടൗനുകൾ, മാർക്കറ്റുകൾ, പൊതുസ്ഥലങ്ങൾ, സ്‌കൂളുകൾ, കലാലയങ്ങൾ എന്നിവ ഹരിതമാക്കാനുള്ള സമയക്രമം നിശ്ചയിച്ചിട്ടുണ്ട്.ഈ സമയക്രമം പാലിക്കണമെന്നുണ്ടെങ്കിൽ എല്ലാവരുടെയും കൂട്ടായ ഇടപെടൽ ഉണ്ടാവണം. സമയബന്ധിതമായി പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ എല്ലാവരുടെയും സഹകരണമാവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ടൗണുകൾ, ടൂറിസം കേന്ദ്രങ്ങൾ, ഫ്‌ലാറ്റുകൾ, ഹോസ്റ്റലുകൾ, റെസിഡന്റ്സ് അസോസിയേഷനുകൾ, പൊതുസ്ഥലങ്ങൾ, ഹോട്ടലുകൾ, ഹാളുകൾ മുതലാവയിൽ കമ്മ്യൂണിറ്റി തലത്തിൽ ജൈവമാലിന്യ സംസ്‌ക്കരണ സംവിധാനങ്ങൾ സ്ഥാപിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. മാലിന്യസംസ്‌ക്കരണ പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കണമെന്നു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. അവയുടെ നടത്തിപ്പിൽ അസോസിയേഷനുകൾക്കും തൊഴിലാളികൾക്കും ജീവനക്കാർക്കും നല്ല നിലയിൽ പങ്കാളികളാകാൻ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നാടിന്റെ മുക്കും മൂലയും ശുചിയക്കുന്ന വിപുലമായ ക്യാമ്പയിൻ ആണ് ഡിസംബർ- ജനുവരി മാസങ്ങളിൽ നടക്കുന്നത്. എല്ലാ വിഭാഗം ജനങ്ങളെയും ക്യാമ്പയിനിൽ പങ്കാളികളാക്കണമെന്നാണ് ലക്ഷ്യമിടുന്നത്. അത് ഉറപ്പു വരുത്താൻ ഭവനസന്ദർശനം നടത്തി മുന്നൊരുക്കപ്രവർത്തനം നടത്തേണ്ടതുണ്ട്. ഇക്കാര്യത്തിൽ എല്ലാ റെസിഡന്റ്സ് അസോസിയേഷനുകളുടെയും പിൻതുണയുണ്ടാകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

മാലിന്യമുക്തം നവകേരളം എന്ന ക്യാമ്പയിൻ പൂർണ്ണതോതിൽ നടപ്പിലാക്കിയെങ്കിൽ മാത്രമേ സുസ്ഥിരമായ നവകേരളം എന്ന നമ്മുടെ ആത്യന്തിക ലക്ഷ്യം കൈവരിക്കാനാകൂ. ഇത് നമ്മുടെ ഭാവി തലമുറകളെ കൂടി ബാധിക്കുന്ന വിഷയമാണ്. അതിവേഗത്തിൽ നഗരവത്കരിക്കപെട്ടുകൊണ്ടിരിക്കുന്ന കേരളത്തിൽ മാലിന്യങ്ങൾ ശാസ്ത്രീയമായി കൈകാര്യം ചെയ്യപ്പെടേണ്ടത് കേരളീയരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും വിനോദ സഞ്ചാരത്തെ വലിയ തോതിൽ ആശ്രയിക്കുന്ന കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ വളർത്തുന്നതിനും ഉപകരിക്കും. അതിനാൽ ഇക്കാര്യത്തിൽ എല്ലാവരുടെയും പൂർണ്ണ പിൻതുണയുണ്ടാകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *