Kerala News

പെരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് ക്രമീകരിക്കും

ചാലക്കുടി പുഴയിലേക്ക് വെള്ളം ഒഴുക്കും

പെരിങ്ങൽക്കുത്ത് ഡാമിൻ്റെ വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ പെയ്യുന്നതിനാൽ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു കൊണ്ടിരിക്കുകയാണ്. പെരിങ്ങൽക്കത്ത് താരതമ്യേന ചെറിയ റിസർവോയർ ആയതിനാലും മഴ ശക്തമായി തുടരുന്നതിനാലും സുരക്ഷിതമായ അളവിൽ ഡാമിലെ ജലവിതാനം ക്രമീകരിക്കാൻ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു.

അതിഭീമമായ മഴയുണ്ടാകുന്ന പക്ഷം അടിയന്തര ഘട്ടത്തിൽ രാത്രികാലങ്ങളിലും ഷട്ടറുകൾ തുറന്ന് വെള്ളം ചാലക്കുടി പുഴയിലേക്ക് ഒഴുക്കാവുന്നതാണെന്ന് നേരത്തെ അനുമതി നൽകിയിട്ടുണ്ട്. എങ്കിലും ജനങ്ങളുടെ സുരക്ഷയെ കരുതി ഇന്ന് (27.05.25) രാവിലെ ആറു മണി മുതൽ വൈകിട്ട് ആറുമണി വരെയുള്ള സമയങ്ങളിൽ സ്ലൂയിസ് വാൽവുകൾ ഘട്ടം ഘട്ടമായി തുറക്കാൻ ഇടമലയാർ റിസർച്ച് & ഡാം സേഫ്റ്റി ഡിവിഷൻ എക്സിക്യുട്ടിവ് എഞ്ചിനിയർക്ക് അനുമതി നൽകിയിട്ടുണ്ടെന്നും ജില്ലാ കളക്ടർ അറിയിച്ചു.

പെരിങ്ങൽക്കുത്ത് ഡാമിലെ അധികജലം ഒഴുക്കി വിടുന്നതുമൂലം ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ സമീപവാസികൾ ജാഗ്രത പുലർത്തണം. പുഴയിൽ മത്സ്യബന്ധനം അനുവദിക്കുന്നതല്ലെന്നും കളക്ടർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *