ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ രൂക്ഷമായ വായുമലിനീകരണത്തിൽ മുങ്ങി രാജ്യതലസ്ഥാനം. ഡൽഹിയിലെ മിക്ക പ്രദേശങ്ങളിലും വായുഗുണനിലവാര സൂചിക (AQI) 500 കടന്ന് അതീവ ഗുരുതരാവസ്ഥയിലെത്തിയിരിക്കുകയാണ്. പുകമഞ്ഞ് വ്യാപിച്ചതോടെ പലയിടങ്ങളിലും കാഴ്ചപരിധി കുറഞ്ഞു. ഇത് റോഡ് ഗതാഗതത്തെയും ബാധിച്ചു.
ഹരിത പടക്കങ്ങൾ മാത്രം ഉപയോഗിക്കണമെന്ന നിർദേശം വ്യാപകമായി ലംഘിക്കപ്പെട്ടതായാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. വായുമലിനീകരണം കൂടുതൽ രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സർക്കാർ വരും മണിക്കൂറുകളിൽ നടപടികൾ സ്വീകരിച്ചേക്കും.
അതേസമയം, ദീപാവലി ആഘോഷങ്ങൾക്കിടെ മുംബൈയിലും വിവിധയിടങ്ങളിൽ വ്യാപക തീപിടിത്തമുണ്ടായി. ഡോംഗ്രിയിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ നിരവധി കടകളും കുടിലുകളും കത്തിനശിച്ചു. വിരാറിലും താനെയിലും താമസ സമുച്ചയങ്ങൾക്ക് തീപിടിച്ചിട്ടുണ്ട്.
താനെയിൽ തീപിടിത്തമുണ്ടായ താമസസമുച്ചയത്തിൽ ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി. നവി മുംബൈയിലെ തുർബെയിലുള്ള ഷോപ്പിങ് സെന്ററിലും തീപിടിത്തമുണ്ടായി. പടക്കം വീണ് സോഫ നിർമാണ യൂണിറ്റിൽ തീ പടർന്നതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.





