
ഷെറത്താങ് (സിക്കിം): സിക്കിമിലെ അതിർത്തി മേഖലകളിൽ വിന്യസിച്ചിരിക്കുന്ന ത്രിശക്തി കോർപ്സിലെ (33 കോർപ്സ്) സൈനികർക്കൊപ്പം പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ദീപാവലി ആഘോഷിച്ചു. നവംബർ എട്ടിന് ഷെറത്താങ്ങിൽ എത്തിയ അദ്ദേഹം സൈനികരുമായി സംവദിക്കുകയും ആശംസകൾ നേരുകയും ചെയ്തു.
കരസേനാ മേധാവി ജനറൽ ധീരജ് സേത്ത്, കിഴക്കൻ കമാൻഡ് ജനറൽ ഓഫീസർ കമാൻഡിങ് ഇൻ ചീഫ് ലെഫ്റ്റനന്റ് ജനറൽ വി.എം.ബി. കൃഷ്ണൻ, 33 കോർപ്സ് ജനറൽ ഓഫീസർ കമാൻഡിങ് ലെഫ്റ്റനന്റ് ജനറൽ മൻ രാജ് സിങ് മൻ എന്നിവരും മുതിർന്ന സൈനിക ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ദീപാവലിയിലെ ഏറ്റവും തിളക്കമുള്ള പ്രകാശം സൈനികരാണെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. അതിർത്തികളിലെ അവരുടെ അർപ്പണബോധവും ജാഗ്രതയുമാണ് രാജ്യത്തിന് സുരക്ഷിതത്വബോധം നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രദ്ധ ആകർഷിക്കാതെ ഇരുട്ടകറ്റുന്ന വിളക്കുകളെപ്പോലെയാണ് സൈനികർ പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സൈനികർ നിശ്ശബ്ദമായി തങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിനാലാണ് രാജ്യത്തെ ജനങ്ങൾക്ക് സമാധാനത്തോടെയും സുരക്ഷിതത്വത്തോടെയും ആഘോഷങ്ങളിൽ പങ്കുചേരാൻ കഴിയുന്നതെന്നും പ്രതിരോധമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ അതിർത്തികൾ കാത്തുസംരക്ഷിക്കുന്ന സൈനികരുടെ സേവനത്തെയും ത്യാഗത്തെയും അദ്ദേഹം അഭിനന്ദിച്ചു. സൈനികർക്ക് ദീപാവലി ആശംസകളും നേർന്നു.




