
തവാങ്: അരുണാചൽ പ്രദേശിലെ തവാങ് ബുദ്ധവിഹാരത്തിൽ സംഘടിപ്പിച്ച ശാക്യമുനി ബുദ്ധൻ്റെ വിശുദ്ധ തിരുശേഷിപ്പുകളുടെ ഏഴു ദിവസത്തെ പ്രദർശനം സമാപിച്ചു. നവംബർ ഏഴിന് സമാപിച്ച പ്രദർശനത്തിൽ 31,000-ത്തിലധികം ഭക്തരും സന്ദർശകരും പങ്കെടുത്തു.
കേന്ദ്ര സാംസ്കാരിക മന്ത്രാലയം അരുണാചൽ പ്രദേശ് സർക്കാരിൻ്റെയും ന്യൂഡൽഹിയിലെ ഇൻ്റർനാഷണൽ ബുദ്ധിസ്റ്റ് കോൺഫെഡറേഷൻ്റേയും (ഐബിസി) സഹകരണത്തോടെയാണ് പ്രദർശനം സംഘടിപ്പിച്ചത്. ഒക്ടോബർ 31-ന് ന്യൂഡൽഹിയിലെ നാഷണൽ മ്യൂസിയത്തിൽനിന്ന് ആചാരപരമായ ചടങ്ങുകളോടെ വിശുദ്ധ തിരുശേഷിപ്പുകൾ തവാങിലെത്തിച്ചു. അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു, കേന്ദ്ര സാംസ്കാരിക-ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തിൻ്റെ സാന്നിധ്യത്തിൽ തിരുശേഷിപ്പുകൾ സ്വീകരിച്ചു.
ഏഴു ദിവസവും ഗഡൻ നാംഗ്യാൽ ലാത്സെ എന്നറിയപ്പെടുന്ന തവാങ് ബുദ്ധവിഹാരത്തിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. തവാങ് ജില്ലയിലെ വിവിധ മേഖലകളിൽനിന്നും സമീപപ്രദേശങ്ങളിൽനിന്നും ബുദ്ധസന്യാസിമാരും മുതിർന്ന പൗരന്മാരും പൊതുജനങ്ങളും എത്തി പ്രാർത്ഥനകളും വഴിപാടുകളും നടത്തി.
പ്രദർശനത്തിൻ്റെ ഭാഗമായി മുഖ്യമന്ത്രി പേമ ഖണ്ഡു രണ്ട് പ്രത്യേക പ്രദർശനങ്ങളും ഉദ്ഘാടനം ചെയ്തു. 1898-ൽ പിപ്രഹ്‌വയിൽ ബുദ്ധൻ്റെ തിരുശേഷിപ്പുകൾ കണ്ടെത്തിയതിൻ്റെ ചരിത്രം വിശദീകരിക്കുന്ന ‘അൺഎർത്തിങ് ദ സേക്രഡ് പിപ്രഹ്‌വ: ദ സ്റ്റോറി ഓഫ് ദ ഹോളി ബുദ്ധ റിലിക്സ് ആൻഡ് ദെയർ ഡിസ്കവറി’ എന്ന പ്രദർശനം ഐബിസിയാണ് സംഘടിപ്പിച്ചത്.




