രാജ്യതലസ്ഥാനമായ ഡൽഹിയിൽ ചൊവ്വാഴ്ച രാവിലെയും ശക്തമായ ചൂട് അനുഭവപ്പെട്ടു. ഉയർന്ന താപനിലയെ തുടർന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് ‘യെല്ലോ’ അലർട്ട് പ്രഖ്യാപിച്ചു.
നഗരത്തിലെ ചില ഭാഗങ്ങളിൽ പകൽ സമയത്ത് അതിശക്തമായ ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ‘ജാഗ്രത പാലിക്കുക’ എന്നതാണ് യെല്ലോ അലർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.
സഫ്ദർജംഗ് കാലാവസ്ഥാ കേന്ദ്രത്തിൽ കുറഞ്ഞ താപനില 28.2 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് സാധാരണയെക്കാൾ 1.7 ഡിഗ്രി കൂടുതലാണ്. അതേസമയം, പരമാവധി താപനില 44 ഡിഗ്രി സെൽഷ്യസിന് സമീപം എത്താനാണ് സാധ്യത.
ചൂട് കൂടുന്ന സാഹചര്യത്തിൽ ആവശ്യത്തിന് വെള്ളം കുടിക്കണമെന്നും ഉച്ച സമയങ്ങളിൽ നേരിട്ടുള്ള സൂര്യപ്രകാശം ഒഴിവാക്കണമെന്നും അധികൃതർ ജനങ്ങൾക്ക് നിർദേശം നൽകി.





