ന്യൂഡൽഹി: ഡൽഹി-എൻസിആറിലെയും ഇൻഡോ-ഗംഗാ സമതല മേഖലയിലെയും വായുമലിനീകരണത്തിന് ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനായി സിഎസ്ഐആർ–നാഷണൽ എൻവയോൺമെന്റൽ എൻജിനീയറിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിഎസ്ഐആർ-നീറി) ശിൽപശാല സംഘടിപ്പിച്ചു.
ന്യൂഡൽഹിയിലെ നരൈനയിലുള്ള നീറിയുടെ ഡൽഹി റീജിയണൽ സെന്ററിലാണ് ‘ഇൻഡോ-ഗംഗാ സമതല മേഖലയിലെ ശുദ്ധവായുവും കാലാവസ്ഥാ പ്രതിരോധശേഷിയും’ (IGP-CACR) എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചത്.
വായുമലിനീകരണത്തിന്റെ ഉറവിടങ്ങൾ, ആരോഗ്യത്തെ ബാധിക്കുന്ന പ്രത്യാഘാതങ്ങൾ, കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട വെല്ലുവിളികൾ, മലിനീകരണ നിയന്ത്രണ സാങ്കേതികവിദ്യകൾ തുടങ്ങിയ വിഷയങ്ങൾ ശിൽപശാലയിൽ ചർച്ചയായി.
എയർ ഷെഡ് മാനേജ്‌മെന്റ്, കൃത്രിമബുദ്ധി അധിഷ്ഠിത തീരുമാന സഹായ സംവിധാനങ്ങൾ, വിവിധ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം എന്നിവയ്ക്കും പ്രാധാന്യം നൽകി.
ശാസ്ത്രജ്ഞർ, നയരൂപകർത്താക്കൾ, സാങ്കേതിക വിദഗ്ധർ എന്നിവർ പങ്കെടുത്ത ശിൽപശാലയിൽ വലിയ തോതിൽ നടപ്പാക്കാൻ കഴിയുന്നതും വായുവിന്റെ ഗുണനിലവാരത്തിൽ അളക്കാവുന്ന പുരോഗതി ഉറപ്പാക്കുന്നതുമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനാണ് ഊന്നൽ നൽകിയത്.





