
വൈശാലി: ബിഹാറിലെ വൈശാലിയിൽ 34,470 കോടി രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ഉദ്ഘാടനം ചെയ്ത് രാജ്യത്തിനായി സമർപ്പിച്ചു.
ഛഠ് മഹോത്സവം പൂർത്തിയായതിന് പിന്നാലെ വികസനത്തിന്റെ ആഘോഷത്തിനാണ് ബിഹാർ സാക്ഷ്യം വഹിക്കുന്നതെന്ന് ചടങ്ങിൽ സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു. കുടുംബത്തിന്റെയും സമൂഹത്തിന്റെയും ലോകത്തിന്റെയും ക്ഷേമത്തിനായി സ്ത്രീകൾ കഠിനമായ നിർജല വ്രതം അനുഷ്ഠിച്ചതിനെയും അദ്ദേഹം അനുസ്മരിച്ചു.

‘സബ്കാ സാഥ്, സബ്കാ വികാസ്’ എന്ന ആശയത്തിലൂടെ ജനാധിപത്യത്തിന്റെ കരുത്തിനെ ജനക്ഷേമത്തിനുള്ള ഉപാധിയാക്കി ബിഹാറിന്റെ വികസനയാത്ര മുന്നേറുകയാണെന്ന് മോദി ചൂണ്ടിക്കാട്ടി. ജനാധിപത്യത്തിന്റെ ചരിത്രപ്രസിദ്ധമായ മണ്ണായ വൈശാലി, സർക്കാരിന്റെ നിലവിലെ കാലാവധിയുടെ ഒന്നാം വാർഷികം അടയാളപ്പെടുത്തുന്നതിനുള്ള വേദിയായി തിരഞ്ഞെടുത്തത് ഉചിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിതീഷ് കുമാറിന്റെ ദീർഘകാല ഭരണത്തിലൂടെ ബിഹാറിൽ ആരംഭിച്ച സദ്ഭരണത്തിന്റെ പാത ഇപ്പോൾ സമ്രാട്ട് ചൗധരിയുടെ നേതൃത്വത്തിൽ മുന്നോട്ടുപോകുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു
.ഗംഗാനദിക്ക് കുറുകെ നിർമിച്ച ആറുവരിപ്പാതയുള്ള ദർഗാ-ബിദുപുർ കേബിൾ പാലമായ ‘നിതീഷ് സേതു’ രാജ്യത്തിന് സമർപ്പിച്ചതാണ് ചടങ്ങിലെ പ്രധാന പദ്ധതികളിലൊന്ന്. നിതീഷ് കുമാറിനോടുള്ള ആദരസൂചകമായാണ് പാലത്തിന് ഈ പേര് നൽകിയിരിക്കുന്നത്.
പാലം യാഥാർത്ഥ്യമാകുന്നതോടെ പട്നയ്ക്കും വൈശാലിക്കും ഇടയിലുള്ള യാത്രാദൂരം കുറയുകയും ഗതാഗതം കൂടുതൽ സുഗമമാകുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കാർഷിക ഉൽപ്പന്നങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പാൽ, തൈര് എന്നിവ പ്രധാന വിപണികളിലേക്ക് വേഗത്തിൽ എത്തിക്കാനും പാലം സഹായിക്കും.
പുതിയ ഗതാഗത സൗകര്യം യുവാക്കൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും വയോധികർക്ക് ആരോഗ്യസേവനങ്ങളിലേക്കും എളുപ്പത്തിൽ എത്തിച്ചേരാൻ സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




