Business India Kerala Law News

ലോൺ അടച്ചു വീട്ടി,ആധാരം തിരിച്ചുകിട്ടിയില്ല, 10,25000 രൂപ നൽകാൻ ബാങ്കിനെതിരെ വിധി

ലോൺ അടച്ചു വീട്ടിയിട്ടും, ആധാരം തിരിച്ചു നൽകാതിരുന്നതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ പൂങ്കുന്നം സ്വദേശി റോണി മാത്യു ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ റൗണ്ട് സൗത്തിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജർക്കെതിരെ വിധിയായത്.

റോണി മാത്യു ബാങ്കിൽ നിന്ന് ലോണെടുത്തതിന് ആധാരം ഈടായി നൽകിയിരുന്നു. ലോൺ തുക അടച്ചു വീട്ടിയിട്ടും ആധാരം തിരികെ നൽകുകയുണ്ടായില്ല.

എന്നാൽ ലോണിനായി ഈട് നൽകിയ വസ്തു, വില്പനക്കായി കരാറിൽ ഏർപ്പെട്ടിരുന്നു. ആധാരം തിരികെ ലഭിക്കാതെ വന്ന സാഹചര്യത്തിൽ ആധാരത്തിൻ്റെ സർട്ടിഫൈഡ് പകർപ്പ് എടുക്കേണ്ടി വന്നു. വസ്തു വാങ്ങുവാൻ നിശ്ചയിച്ച വ്യക്തി സർട്ടിഫൈഡ് പകർപ്പ് വെച്ച്, വസ്തു തീറ് വാങ്ങുവാൻ തയ്യാറായില്ല. തുടർന്ന് ഹർജിക്കാരന് വസ്തു നിശ്ചയിച്ചതിൽ നിന്ന് ആറ് ലക്ഷം രൂപ കുറവിന് ആ വ്യക്തിക്ക് തന്നെ വില്പന നടത്തേണ്ടി വന്നു. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. എതിർകക്ഷിയുടെ പ്രവൃത്തി സേവനത്തിലെ വീഴ്ചയെന്ന് വിലയിരുത്തിയ പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് സംഭവിച്ച സാമ്പത്തിക നഷ്ടത്തിന് പരിഹാരമായി 600000 രൂപയും മാനസിക വിഷമത്തിനും അസൗകര്യങ്ങൾക്കും പരിഹാരമായി 400000 രൂപയും ചിലവിലേക്ക് 25000 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *