Kerala News

കേരളത്തിൽ വീണ്ടും കോവിഡ് കേസുകളിൽ വർധന; ഒരാഴ്ചക്കിടെ 430 പേര്‍ക്ക് ബാധ, 2 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുകയാണ്. കഴിഞ്ഞ ആഴ്ച 335 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഒരാഴ്ച പിന്നിട്ടപ്പോൾ കേസുകൾ 430ൽ എത്തി. രണ്ട് കോവിഡ‍് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലാണ് രോ​ഗ ബാധിതരേറയും ഉള്ളത്.

തിരുവനന്തപുരത്ത് ഒരാഴ്ചക്കിടെ രണ്ട് പുരുഷൻമാരാണ് മരിച്ചത്. ഹൃദ്രോഗത്തിനുള്ള ചികിത്സയിലുള്ളവരാണ് മരിച്ചത്. മരിക്കുമ്പോൾ ഇരുവരുടേയും പരിശോധനാ ഫലം പോസിറ്റീവായിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. 59ഉം 64ഉം വയസ്സുള്ള രണ്ടു പേരാണ് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. 

രാജ്യത്ത് 1000-ഓളം കോവിഡ് ബാധിതരുള്ളപ്പോള്‍, ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിലാണ്. മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത്, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലും കേസുകൾ വർധിക്കുന്നു.

സംസ്ഥാനത്ത് രോഗലക്ഷണമുള്ളവർക്ക് പരിശോധന നിർബന്ധമാക്കി. സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്പോൺസ് ടീം പൊതുസാഹചര്യം വിലയിരുത്തി. വിദേശ രാജ്യങ്ങളിൽ കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ കേരളത്തിലും ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.

ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങളുള്ളവർ മാസ്ക് ധരിക്കണം. പ്രായം കൂടിയവരും ഗർഭിണികളും ഗുരുതര രോഗങ്ങളുള്ളവരും പൊതു ഇടങ്ങളിലും യാത്രകളിലും മാസ്ക് ഉപയോഗിക്കേണ്ടതാണ്.

വൈറസിനു വകഭേദം വന്നിട്ടുണ്ടോ എന്നറിയാനായി സാംപിൾ പരിശോധന ആരംഭിച്ചു. 18 വയസിന് മുകളിലുള്ളവരിൽ ഭൂരിഭാഗം പേരും വാക്സിനേഷൻ പൂർത്തിയാക്കിയിട്ടുണ്ടെന്നത് ആശ്വാസകരമാണ്.

ആശുപത്രി സന്ദർശനങ്ങൾ കുറയ്ക്കാനും കൈ കഴുകൽ പതിവാക്കാനും ആരോഗ്യ വകുപ്പ് ശുപാർശ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *