ന്യൂഡൽഹി: മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് കേന്ദ്രസർക്കാരിന്റെ അവഗണനയ്‌ക്കെതിരെ ഡൽഹിയിൽ എൽഡിഎഫ് വയനാട് ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രാപകൽ സമരം ഇന്ന് ആരംഭിക്കും. പാർലമെന്റിന് മുന്നിലാണ് സമരം നടക്കുക.
രാവിലെ ഒമ്പതിന് കേരളാ ഹൗസിൽ നിന്ന് പ്രതിഷേധജാഥ പുറപ്പെടും. അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറി വിജു കൃഷ്ണൻ സമരം ഉദ്ഘാടനം ചെയ്യും. എംപിമാരായ ജോൺ ബ്രിട്ടാസ്, വി ശിവദാസൻ, സിപിഐ നേതാവ് ആനിരാജ എന്നിവരും എൽഡിഎഫ് എംപിമാരും ദേശീയ നേതാക്കളും സമരത്തിൽ പങ്കെടുക്കും. ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള എംപിമാരും ഐക്യദാർഢ്യ പ്രഖ്യാപിക്കും.
പ്രധാനമന്ത്രിക്ക് എംപിമാർ മുഖേന നിവേദനം കൈമാറുമെന്നും സമരസമിതി അറിയിച്ചു. ദുരന്തമേഖലയിൽ നിന്നുള്‍പ്പെടെ നൂറുകണക്കിന് വൊളന്റിയർമാർ സമരത്തിൽ പങ്കെടുക്കും.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 2000 കോടി രൂപ അടിയന്തരമായി അനുവദിക്കുക, വന്യജീവി പ്രശ്‌നങ്ങൾ പരിഹരിക്കാൻ 1000 കോടിയുടെ പാക്കേജ് പ്രഖ്യാപിക്കുക, 1972ലെ വന്യജീവി സംരക്ഷണ നിയമത്തിൽ ആവശ്യമായ ഭേദഗതികൾ കൊണ്ടുവന്ന് ജനങ്ങളെ സംരക്ഷിക്കുക, വയനാട്ടിലെ രാത്രി ഗതാഗത വിലക്കുകൾ നീക്കുക, വയനാട്–-നഞ്ചൻകോട്, തലശേരി-മൈസൂരു റെയിൽവേ പദ്ധതികൾക്ക് അംഗീകാരം നൽകുക, വനം–റവന്യു വകുപ്പ് സംയുക്ത സർവേ പൂർത്തിയാക്കി തദ്ദേശവാസികൾക്ക് രേഖകൾ കൈമാറുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.




