Kerala News

നവംബറോടെ കേരളത്തിൽ അതിദരിദ്രരില്ല: മുഖ്യമന്ത്രി പിണറായി വിജയൻ

കാസർകോട്: നവംബർ ഒന്നിന് കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ അതിദരിദ്രത നിർമാർജനത്തിനുള്ള പ്രവർത്തനം ഊർജിതമായി തുടരുകയാണെന്നും തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഈ ശ്രമങ്ങൾ മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാസർകോട് മടിക്കൈ എരിക്കുളത്ത് കെ എം കുഞ്ഞിക്കണ്ണൻ സ്മാരക ജനകീയാസൂത്രണ രജതജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. പ്രാദേശിക വികസനം ജനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് ആസൂത്രണം ചെയ്യപ്പെടണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനകീയ ആസൂത്രണത്തിലൂടെ ജനങ്ങൾ നിർദേശിക്കുന്ന പദ്ധതികൾ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നു.

തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരവും പണവും നൽകിയാണ് സംസ്ഥാനത്ത് പ്രാദേശിക ഭരണകൂടങ്ങളെ ശക്തിപ്പെടുത്തുന്നത്. നവകേരള സൃഷ്ടിക്കായി തദ്ദേശ സ്ഥാപനങ്ങൾ നിർണായക പങ്ക് വഹിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാലിന്യം അനിയന്ത്രിതമായി വലിച്ചെറിയുന്ന രീതിക്ക് അവസാനമുണ്ടാകണം. ജലാശയങ്ങൾ മാലിന്യക്കൂമ്പാരമാകുന്നത് തടയണം. തദ്ദേശ സ്ഥാപനങ്ങൾ മുൻകൈയെടുത്ത് ശുചിത്വ പ്രവർത്തനങ്ങൾ ഊർജിതമാക്കണം. കേരളത്തിന്റെ മിടുക്കും വ്യക്തിശുചിത്വവും പരിപാലിക്കുന്നതിനായി എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും ക്രിയാത്മക ഇടപെടലുകൾ നടത്തണമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *